
മഴയില്ലാതെ ക്ഷാമത്തിലായ കാലത്തു മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ചിലര്‍ പ്രവാചകന്റെ മുന്നിലെത്തി. നബി(സ) പ്രാര്‍ഥിച്ചു. മഴ തോരാതെ പെയ്തു. അവസാനം മഴ നില്ക്കാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഇതേ ആളുകള്‍ നബി(സ)യുടെ അടുത്തെത്തി. നബി പ്രാര്‍ഥിച്ചു. മഴ തോര്‍ന്നു. വെള്ളം കയറിയതെല്ലാം ശാന്തമായി. മഴ ദൈവത്തിന്റെ അനുഗ്രഹവും പരീക്ഷണവുമാണ്.
വരള്‍ച്ചയുടെ ദുരിതം നാം അനുഭവിച്ചിട്ടു മാസങ്ങള്‍ ഏറെയായില്ല. അന്നു നമ്മള് മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചു. ഇപ്പോള്‍ മഴ നിലയ്ക്കാതെ പെയ്യുന്നു. ഭൂമി വെള്ളത്തില്‍ മുങ്ങിത്തുടങ്ങി. കിണറുകള്‍ നിലംപൊത്തുന്നു. ഉരുള്‍പൊട്ടലുകള്‍ മരണം വിതയ്ക്കുന്നു. ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിക്കുകയും കുടുംബനാഥന് ശേഷിക്കുകയും ചെയ്ത ദയനീയ വാര്‍ത്ത നാം വായിക്കുന്നു. ഒരുപാടു വീടുകളും കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി നശിച്ചു.
ദുരിതങ്ങളും ദുരന്തങ്ങളും മതങ്ങളുടെയും ജാതിയുടെയും പകയുടെയും വിദ്വേഷത്തിന്റെയുമെല്ലാം വിഷങ്ങള്‍ ഇല്ലാതാക്കും. മഴക്കെടുതിയില്‍ ജനങ്ങളെ സര്‍ക്കാര്‍ ആ നാട്ടിലെ പുനരധിവാസ കേന്ദ്രത്തിലേയ്ക്കു മാറ്റുമ്പോള്‍ അവിടെ എല്ലാവരും ഒരുമിച്ചാണ്. അവനവന്റെ മതവിശ്വാസത്തിനും ആചാരങ്ങള്ക്കുമൊത്തു ജീവിക്കുമ്പോഴും അപരന്റേത് അംഗീകരിക്കാനും അതിനു സൗകര്യമൊരുക്കാനും പഠിക്കും. രാഷ്ട്രീയപ്പോരില്ല, മതത്തിന്റെ പേരിലുള്ള വ്യത്യാസമില്ല, ജാതിയുടെയും നിറത്തിന്റെയും പേരില്‍ വൈജാത്യങ്ങളില്ല. മനുഷ്യനെന്ന പരിഗണന മാത്രം.
മഴ ദൈവത്തിന്റെ അനുഗ്രഹവും പരീക്ഷണവുമാണ്. നാം സ്വീകരിക്കുന്ന സമീപനങ്ങളാണു പ്രധാനം. നന്മയും തിന്മയും ദൈവത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പ്രതിഭാസങ്ങളാണ്. അതിനെ പ്രതിരോധിക്കാന്‍ പ്രാര്‍ഥനയ്ക്കു മാത്രമേ കഴിയൂ. മതം മനുഷ്യന്റെ സംസ്കരണത്തിനാണ്. കുത്തഴിഞ്ഞ സ്ഥിതിയിലാവുമ്പോള് കാലത്തിനുസരിച്ചുള്ള കാലാവസ്ഥയില്‍ വരെ ദൈവം മാറ്റങ്ങള്‍ വരുത്തി പരീക്ഷിക്കും. ആ പരീക്ഷണത്തെ നേരിടാന്‍ മനുഷ്യന് എത്ര സാങ്കേതിക വളര്‍ച്ച അവകാശപ്പെട്ടാലും അശക്തനാണ്.