2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശബരി എയര്‍പോര്‍ട്ട്; ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടക്കുന്ന കോടതിയില്‍ പണം കെട്ടിവച്ച ശേഷം ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഈ വ്യവസ്ഥ റദ്ദാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന് സ്‌റ്റേ ഇല്ല.
ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റുമായിട്ടാണ് കേസ് നടക്കുന്നത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനുള്ള പണം തങ്ങള്‍ക്ക് നേരിട്ടു നല്‍കുകയാണ് വേണ്ടതെന്നും കോടതിയില്‍ കെട്ടിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിലെ മറ്റു വ്യവസ്ഥകളില്‍ കോടതി ഇടപെട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌റ്റേ കോടതി നീക്കി. ഭൂമി സര്‍ക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നല്‍കില്ലെന്നും വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ മുതലായ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസണ്‍ കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.
ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്‌റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.