
കൊച്ചി: ശബരിമലയില്‍ മകരവിളക്കിന് ആനയെ ഒഴിവാക്കാനും വാര്‍ഷിക ഉത്സവത്തിന് ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെ നിലപാടു തേടിയശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവു നല്‍കിയത്.
ക്ഷേത്രം തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ മകരവിളക്കിന് ആനയെ ആവശ്യമില്ലെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഷികോത്സവത്തിന് ഒരാനയെ എഴുന്നള്ളത്തിന് ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.ശബരിമലയില്‍ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചത്. ക്ഷേത്രം തന്ത്രിമാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.