
കോഴിക്കോട്: സംസ്ഥാനത്തെ കോളജുകളില്‍ ഒരു സെമസ്റ്ററില്‍ 90 അധ്യയനദിനങ്ങള്‍ അനിവാര്യമാണ്. ഒരു വിദ്യാര്‍ഥി പരീക്ഷ എഴുതണമെങ്കില്‍ സെമസ്റ്ററില്‍ 75 ശതമാനം ഹാജര്‍ ഉണ്ടായിരിക്കണം.
ആശുപത്രി ചികിത്സ പോലുള്ള അനിവാര്യമായ സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ വേണ്ടി യൂനിവേഴ്സിറ്റി നടപ്പാക്കിയ സമ്പ്രദായമാണ് കന്ഡോനേഷന്. ഈ ആനുകൂല്യം അനുസരിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വീണ്ടും പത്തു ശതമാനം ഹാജര്‍ ഒന്‍പത് ദിവസം കൂടി ലഭ്യമാകും. നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ഥികളുടെ ക്ഷേമം ലക്ഷ്യമാക്കി കൊണ്ടുവന്ന ഈ സംവിധാനം ചില വിദ്യാര്‍ഥികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അക്കാദമികരംഗത്ത് പ്രാവീണ്യം തെളിയിക്കാത്ത ചില വിദ്യാര്‍ഥികള്‍ ഹാജര്‍ തികയാതെ വരുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി പ്രിന്‍സിപ്പല്‍മാരെ ഭീഷണിപ്പെടുത്താനും മടിക്കില്ല. ഓരോ വര്‍ഷം കഴിയുംതോറും ഇത്തരം വഴിവിട്ട പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്.
ഇത്തരം അനഭിലഷണീയമായ കൃത്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഒരു ഡോക്ടര്‍ ഒരേ കാലയളവില്‍ ഒരേ രോഗത്തിന് ഒരേ സ്ഥാപനത്തിലുള്ള അഞ്ചു കുട്ടികള്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുകയുണ്ടായി. ഈ കാലയളവില്‍ ഈ വിദ്യാര്‍ഥികള്‍ ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ടാല്‍ ഡോക്ടര്‍ പിടിയിലാവുകയും നിയമനടപടികള്‍ക്ക് വിധേയനാവുകയും ചെയ്യും. ഇത്തരം ചില സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ കുറ്റങ്ങള്‍ വ്യാപകമായ ഇന്നത്തെ സമൂഹത്തില്‍ ഇതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
ഇത്തരം പ്രവൃത്തികള്‍ മെഡിക്കല്‍ എത്തിക്സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്നു മാത്രമല്ല, യുവതലമുറയ്ക്ക് തെറ്റായ സന്ദേശവും നല്കുന്നു.
ഭൂരിഭാഗം ഡോക്ടര്‍മാരും സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഏതാനും ചില ഡോക്ടര്‍മാര്‍ ഇത്തരം അനഭിലഷണീയമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നത് ഒരു സമൂഹത്തെ മൊത്തം കരിവാരിത്തേക്കുന്നതിന് നിദാനമാവും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിദ്യാര്‍ഥികള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി നെട്ടോട്ടമോടുന്നത്. ഈ വിഷയത്തില്‍ ഐ.എം.എ അടിയന്തരമായി ഇടപെടുകയും ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്താല്‍ വിദ്യാര്‍ഥികളെ തെറ്റായ പാതയില്‍നിന്നു പിന്തിരിപ്പിക്കാന് സാധിക്കും.