
കൊച്ചി: പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കരവാന്ത്തുരുത്തി വില്ലേജില്‍ കണ്ടാട്ടി വീട്ടില്‍ സഫ്വാന്(22) ആണ് പാലാരിവട്ടം പൊലിസിന്റെ പിടിയിലായത്. പ്രതി സുഹൃത്തായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ബിക്കിനി ധരിച്ചതും നഗ്നവുമായ ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി മോശം സ്ത്രീയാണെന്നും ലൈംഗിക ആവശ്യങ്ങള്‍ക്ക് ലഭിക്കുമെന്നും കാണിച്ച് സഫ്വാന് സുഹൃത്തുകള്‍ക്ക് സ്ഥിരമായി മേസേജും അയക്കുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
ബെംഗളൂരില്‍ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. ഈ സമയത്താണ് ഇയാള്‍ ഫോട്ടോ കൈക്കലാക്കിയത്. പ്രതി ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തിട്ടുള്ളതായും സമ്മതിച്ചു.
ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി ഇപ്പോള്‍ താമസിച്ചു വരുന്ന ഫറൂക്കിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും കൊച്ചി സിറ്റി ഷാഡോ പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ഡി.സി.പി ജെ. ഹിമേന്ദ്രനാഥിന്റെ മേല്‍നോട്ടത്തില്‍ പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.എസ് ശ്രീജേഷ്, ഷാഡോ എസ്.ഐ ജോസഫ് സാജന്, അസിസ്റ്റന്റ് എസ്.ഐ.മാരായ കെ.സി സുരേഷ്, അബ്ദുള്‍ ജബ്ബാര്‍, സീനിയര്‍ സി.പി.ഒ ഗിരീഷ് കുമാര്‍, സി.പി.ഒ പി.ബി. അനീഷ്, ഷാഡോ പോലീസുമാരായ ഹരി, ഉസ്മാന്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.