2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വോട്ടു ചെയ്യൂ… കൊവിഡ് കൊടുക്കരുത്, വാങ്ങരുത്

 
 
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 
 കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ടെന്നും അതിനാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും എല്ലാവരും വോട്ട് ചെയ്യുകയും വേണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 
 പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
    ബൂത്തിലേക്ക് 
    പോകുമ്പോള്‍
 
വോട്ടിനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം
കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്
രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക
പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത് 
ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക
ആരോട് സംസാരിച്ചാലും രണ്ടു മീറ്റര്‍ അല്ലെങ്കില്‍ ആറ് അടി സാമൂഹിക അകലം പാലിക്കണം
     പോളിങ് 
     സ്റ്റേഷനിലെത്തിയാല്‍
 
പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും ആറ് അടി അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്
ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല
വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം
       ബൂത്തിനുള്ളില്‍ 
 
ബൂത്തിനകത്ത് ഒരേസമയം പരമാവധി മൂന്നു വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക
പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക 
 വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക
      വീട്ടിലെത്തിയാല്‍
 
വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം
      കൊവിഡ് രോഗികള്‍
 വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് മുതല്‍ തലേദിവസം മൂന്നു വരെ കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈനില്‍ ഉള്ളവരും പോളിങ് ബൂത്തില്‍ പോകേണ്ടതില്ല. ഇവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. തലേദിവസം മൂന്നിന് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തില്‍ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.