ന്യൂഡൽഹി • മന്ത്രിമാർ ഉൾപ്പെടെ ഔദ്യോഗിക ഉത്തരവാദിത്വം നിർവഹിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട ഹരജികളിൽ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടന ബെഞ്ച് നവംബർ 15 മുതൽ വാദം കേൾക്കും. വോട്ടിന് കോഴ കേസിൽ ജനപ്രതിനിധികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഭരണഘടനയുടെ 194(1), 105 വകുപ്പുകൾ എം.എൽ.എമാർക്കും എം.പിമാർക്കും സംരക്ഷണം നൽകുന്നുണ്ടോയെന്ന വിഷയത്തിലും ഇതേ ബെഞ്ച് അന്നുമുതൽ വാദം കേൾക്കും.
ഇന്നലെ കേസ് പരിഗണിച്ച ബെഞ്ച് വാദം കേൾക്കാനുള്ള തീയതി തീരുമാനിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ ഓരോ കേസിന്റെയും അടിസ്ഥാനത്തിലാണ് നിർണയിക്കുകയെന്നും ബെഞ്ച് സൂചിപ്പിച്ചു. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി സർക്കാറിൽ മന്ത്രിയായിരിക്കെ അസം ഖാൻ ബുലന്ദ്ഷെഹർ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് കേസിനാധാരം.
തുടർന്ന് കേസിലെ ഇര അസം ഖാനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. അസം ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ഔദ്യോഗിക പദവി വഹിക്കുന്നവർ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് ഭരണഘടന ബെഞ്ച് പരിശോധിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു.
Comments are closed for this post.