2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വോട്ടിന്റെ തലേന്ന് കമല്‍നാഥിന് ‘വിജയം’

 
 
കമല്‍നാഥിനെതിരായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു 
ഭോപ്പാല്‍: മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് സുപ്രിംകോടതിയില്‍ വിജയം. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കമല്‍നാഥിനെതിരേ തെരഞ്ഞെടുപ്പ് ക്മ്മിഷന്‍ സ്വീകരിച്ച നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ഥിക്കെതിരായ വിവാദ പരാമര്‍ശമടക്കമുള്ള വിഷയത്തില്‍ കമല്‍നാഥ് പെരുമാറ്റച്ചട്ടം നിരന്തരമായി ലംഘിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ സ്റ്റാര്‍ കാംപയിനര്‍ പദവി തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍, സ്റ്റാര്‍ കാംപയിനര്‍ പദവി പാര്‍ട്ടി നല്‍കുന്നതാണെന്നും അതു റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കമല്‍നാഥ് സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് സ്റ്റാര്‍ കാംപയിനര്‍ പദവി റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നു വ്യക്തമാക്കി, നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്റ്റേ ചെയ്തത്. പാര്‍ട്ടിയുടെ നേതാവ് ആരാകണമെന്നതില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കില്ലെന്നും കോടതി പരാമര്‍ശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കമല്‍നാഥിനുവേണ്ടി ഹാജരായിരുന്നത്.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് കാംപയിന്‍ അവസാനിച്ചുവെന്നും ഇന്നു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി പ്രതികരിച്ചത്. 
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലാത്ത വിഷയമായതിനാല്‍ ആ നടപടി സ്റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. കമല്‍നാഥിന്റെ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ എത്രയും വേഗത്തില്‍ മറുപടി സമര്‍പ്പിക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News