
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അതിന്റെ നിര്‍മാതാക്കള്‍ക്ക് പോലും എന്തെങ്കിലും കൃത്രിമം കാണിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. നിര്‍മാണ ഘട്ടത്തില്‍ തന്നെ യന്ത്രങ്ങളിലെ സോഫ്റ്റ്വെയറുകള് ഭദ്രമാക്കുന്നതിന് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ നിര്‍മാതാക്കള്‍ക്കുപോലും ഇവയില്‍ ഒരിക്കലും ക്രമക്കേട് നടത്താനാവില്ലെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയിലുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് കമ്മിഷന് വ്യക്തമാക്കി.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) കരുത്തുറ്റതും സുരക്ഷിതവും കേടുവരുത്താന്‍ കഴിയാത്തതുമാണ്. ഇവയുടെ സുരക്ഷയെക്കുറിച്ച് സമീപകാലത്തായി സാധാരണക്കാരുടെ മനസില്‍ പലതരം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന ആമുഖത്തോടെയാണ് ചോദ്യോത്തര മാതൃകയില്‍ കമ്മിഷന് വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രക്രിയകളില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്ഥമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് യന്ത്രങ്ങള്‍.
കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്നതും നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെടുത്തിയവയുമായിരുന്നുവെന്നതിനാലാണ് അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ പോലുള്ള വികസിത രാജ്യങ്ങള്‍ വോട്ടിങ് യന്ത്രങ്ങള്‍ വേണ്ടെന്ന് വച്ചത്.
കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമുള്ള യന്ത്രങ്ങളുമായി ഇന്ത്യയുടെ മെഷിനുകളെ താരതമ്യം ചെയ്യുന്നത് അബദ്ധമാണെന്ന് കമ്മിഷന് അറിയിച്ചു.
വിദേശത്ത് നിര്‍മിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല.
പ്രധാനപ്പെട്ട രണ്ടുപൊതുമേഖലസ്ഥാപനങ്ങളായ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡുമാണ് ഇവ നിര്‍മ്മിക്കുന്നത്. യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ മൈക്രോ ചിപ്പുകള്‍ നിര്‍മിക്കാന്‍ വിദേശ നിര്മാതാക്കളെയാണ് ഏല്‍പ്പിക്കുന്നതെന്ന് കമ്മിഷന് അറിയിച്ചു.