2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈസ് ചാന്‍സലര്‍ക്ക് ഒരു തുറന്ന കത്ത്

ഫിറോസ് ചാനടുക്കം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഞാനും ഇരുപതോളം സുഹൃത്തുക്കളും. കേരളത്തിലെയും പുറത്തെയും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനത്തിന് വേണ്ടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ ആശ്രയിക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന നിരന്തരമായ വീഴ്ച കാരണം പൊറുതിമുട്ടിയതിനാലാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ നിര്‍ബന്ധിതനായത്.
കഴിഞ്ഞ മെയ് ഒന്നിന് 2 മണിക്ക് നടക്കേണ്ടിയിരുന്ന സോഷ്യോളജിയിലെ സോഷ്യല്‍ സയന്‍സ് പരീക്ഷ മാറ്റി വച്ച വിവരം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത് പരീക്ഷ നടക്കാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ്. പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം വിദൂരത്ത് നിന്ന് വന്ന് പരീക്ഷ സെന്ററിനടുത്ത് ദിവസങ്ങളോളം താമസമാക്കിയ നിരവധി വിദ്യാര്‍ഥികളാണ് അന്ന് പ്രയാസപ്പെട്ടത്. പണിപറ്റിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥിരം പരിപാടിയായതിനാല്‍ വിദേശത്ത് താമസിക്കുന്നവരില്‍ നിന്നു കൂടുതല്‍ പേരൊന്നും വിദൂര വിദ്യാഭ്യാസത്തിന് വേണ്ടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ തെരഞ്ഞെടുക്കാറില്ല. എത്തും പിടിയും കിട്ടാത്ത അസമയത്തുണ്ടാകുന്ന യൂനിവേഴ്‌സിറ്റിയുടെ തീരുമാനം വിമാന ടിക്കറ്റും ചിലപ്പോള്‍ ജോലിയും നഷ്ടപ്പെടുത്തിയേക്കാം എന്ന ഭയം തന്നെയാണ് ഇതിന് കാരണം.
പരീക്ഷക്ക് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന സമയത്താണ് കഴിഞ്ഞ തവണ വെബ്‌സൈറ്റ് ബ്ലോക്കായത്. ഉടനെ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് വിളിച്ച് കാര്യം ബോധിപ്പിച്ചെങ്കിലും മറുപടി കേട്ട് അന്ധാളിക്കേണ്ടി വന്നു. കംപ്യൂട്ടറിന് മുമ്പിലിരിക്കുന്ന താനും ഇതേ പ്രശ്‌നം കൊണ്ട് വലയുകയാണെന്ന വേദന പങ്കുവയ്ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പരാതി കേള്‍ക്കലും പരിഹരിക്കലും യൂനിവേഴ്‌സിറ്റിയുടെ പതിവല്ലാത്തതിനാല്‍ വെബ്‌സൈറ്റ് ശരിയാവുന്നതും കാത്ത് കംപ്യൂട്ടറിന് മുമ്പില്‍ കുത്തിയിരിക്കയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
ഇത്തവണ വെബ്‌സൈറ്റിന്റെ കളി കുറച്ച് ഗൗരവമുള്ളതായിരുന്നു. രണ്ടാം സെമസ്റ്ററിന്റെ പരീക്ഷക്ക് വേണ്ടി ചലാനടച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന വെബ്‌സൈറ്റ് ഞങ്ങളുടെ നാലായിരത്തോളം രൂപ നഷ്ടപ്പെടുത്തി. യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിങ് വഴിയാണ് പരീക്ഷാ ഫീസ് ചലാനായി അടച്ചത്. സാധാരണ ചലാനടച്ചയുടനെ ചലാന്‍ നമ്പറും പിന്‍കോഡുമടങ്ങുന്ന മെസ്സേജ് മൊബൈല്‍ ഫോണിലേക്കും ഇ മെയ്‌ലിലേക്കും വരേണ്ടതാണ്. ഈ മെസ്സേജ് ഉപയോഗിച്ചാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത്തവണ ചലാനടച്ചപ്പോള്‍ മെസ്സേജ് അയക്കാതെ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് കബളിപ്പിച്ചു. രജിസ്‌ട്രേഷനുള്ള സമയം അവസാനിക്കുന്നതിനാല്‍ ഇതേ തുക വീണ്ടുമടച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് എസ്.ബി.ഐയുടെ ബ്രാഞ്ചില്‍ പരാതി പറഞ്ഞപ്പോള്‍ യൂനിവേഴ്‌സിറ്റിയില്‍ അന്വേഷിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി.
ഇതുപോലെ വെബ്‌സൈറ്റ് പണിമുടക്കിയും കബളിപ്പിച്ചും പലരുടെയും പരീക്ഷയും പണവും നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെയെത്തുന്ന പണം യൂനിവേഴ്‌സിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നുണ്ടെങ്കിലും അത് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകാറില്ല. നിസ്സാര തുകയെന്ന് കരുതി പലരും പ്രതികരിക്കാതിരിക്കുന്നതിനാലും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.