2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വൈറ്റ് ഹൗസ് ബ്ലാക്ക് ഹൗസാകുമോ


എട്ടുവര്‍ഷത്തെ സംഭവബഹുലമായ ഭരണസാരഥ്യത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ്് ബറാക് ഒബാമ ഇന്നു സ്ഥാനമൊഴിയുകയാണ്. മാറ്റം വേണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹം അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവോ മോശപ്പെട്ടതായിരുന്നുവോ എന്നു കാലമാണു നിര്‍ണയിക്കേണ്ടത്.
അമേരിക്കന്‍ ജനതയെ ഇപ്പോള്‍ അലോസരപ്പെടുത്തുന്നത് ഒബാമയുടെ ഭരണമെങ്ങനെയെന്ന ചോദ്യമേയല്ല. പുതിയപ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ഭാവി എന്തായിരിക്കുമെന്ന വേവലാതിയിലാണ് അമേരിക്കന്‍ ജനത. ലോകമെങ്ങും ഈ ചോദ്യം ആശങ്കയോടെയാണു വീക്ഷിക്കുന്നത്. 

വംശീയതയും വര്‍ഗീയതയും തന്റെ പ്രചാരണപരിപാടിയില്‍ യാതൊരു മറയുമില്ലാതെ തുറന്നടിച്ച സ്ഥാനാര്‍ഥിയായിരുന്നു ട്രംപ്. മെക്‌സിക്കന്‍ കുടിയേറ്റക്കാരെയും മുസ്‌ലിംകളെയും വാക്കുകള്‍കൊണ്ടു വേണ്ടതിലധികം അദ്ദേഹം മുറിവേല്‍പ്പിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഉടനീളം ഈ വിഷയമായിരുന്നു ഉയര്‍ത്തിപ്പിടിച്ചത്.
വംശീയതയെ അമേരിക്കന്‍ യുവതയും ഇഷ്ടപ്പെടുന്നുവെന്നത് ആശങ്കാജനകമാണ്. അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെതിരേ കനത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണു ട്രംപ് സ്ഥാനാരോഹണം നടത്തുന്നത്. അമേരിക്കയിലാകെ പ്രതിഷേധത്തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.

ട്രംപിന്റെ സ്ഥാനാരോഹണദിവസവും അതിനുശേഷവും പ്രതിഷേധം തുടരാന്‍ സംഘടനകള്‍ അധികൃതരോട് അനുവാദം ചോദിച്ചതില്‍നിന്നു തന്നെ എത്രമാത്രം വെറുക്കപ്പെട്ട വ്യക്തിയാണ് അമേരിക്കയുടെ അമരത്തു വരുന്നതെന്നു വ്യക്തമാകുന്നു. റഷ്യയുടെ സഹായത്തോടെയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന ആരോപണം ശരിവയ്ക്കും വിധത്തിലായിരുന്നു അന്വേഷണഫലങ്ങള്‍ പുറത്തുവന്നത്. എതിര്‍ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെതിരേ ഇ-മെയില്‍ വിവാദം കൊഴിപ്പിച്ചതിനു പിന്നിലും ട്രംപിന്റെ കരങ്ങളുണ്ടായിരുന്നു.

ട്രംപിന്റെ വിജയം പ്രഖ്യാപിച്ചതു മുതല്‍ ട്രംപ് ടവറിനു മുന്നില്‍ ആരംഭിച്ച അമേരിക്കന്‍ ജനതയുടെ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയില്ല എന്നതു തന്നെ അമേരിക്കയുടെ ചരിത്രത്തില്‍ കറുത്ത ഏടായി അദ്ദേഹത്തിന്റെ സ്ഥാനാരോഹണം മാറുമെന്നു തെളിയിക്കുന്നു. സ്ത്രീകളെ അപമാനിക്കുംവിധം ലൈംഗികച്ചുവയുള്ള പരിഹാസപരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍നിന്നു നേരത്തെ തന്നെ വന്നിട്ടുണ്ട്.
ട്രംപിനെതിരേ അമേരിക്കയിലൊട്ടാകെ സംഘടിതരൂപത്തില്‍ പ്രതിഷേധം തുടങ്ങിയത് ഈ മാസം 14നാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍കെട്ടി അവിടെനിന്നു വരുന്ന കുടിയേറ്റക്കാരെ പുറംതള്ളുമെന്നും മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നല്‍കുകയില്ലെന്നുമുള്ള വിവാദപ്രസംഗങ്ങളെത്തുടര്‍ന്നാണു പ്രതിഷേധം കനക്കാന്‍ തുടങ്ങിയത്. ട്രംപിനെതിരേ നേരത്തെതന്നെ ആരോപണമുന്നയിച്ച മുന്‍ മോഡല്‍ സമ്മര്‍ സര്‍വോസ് ഇപ്പോള്‍ അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്തിരിക്കുകയാണ്.

ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന കുടിയേറ്റത്തിനെതിരേ യു.എന്‍ പ്രമേയം പാസാക്കിയതു ട്രംപിനെ ചൊടിപ്പിച്ചിരുന്നു. പ്രസിഡന്റായാല്‍ ഇതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജറുസേലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്നു തെരഞ്ഞെടുപ്പു വേളയിലും പറഞ്ഞു. പല രാജ്യങ്ങളും ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസേലമിനെ അംഗീകരിച്ചിട്ടില്ല. തെല്‍അവീവാണ് ഇപ്പോഴും പല രാജ്യങ്ങളും ഇസ്രാഈലിന്റെ തലസ്ഥാനമായി പരിഗണിച്ചുവരുന്നത്.

മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നയാളും ജനാധിപത്യത്തിനു മുന്‍തൂക്കം നല്‍കുന്നയാളുമായിരിക്കണം അമേരിക്കന്‍ പ്രസിഡന്റ് എന്നത് അമേരിക്കന്‍ ജനത വച്ചുപുലര്‍ത്തിയിരുന്ന ആശയാഭിലാഷമാണ്. ട്രംപ് മൂല്യമുള്ള പ്രസിഡന്റായിരിക്കില്ല. എല്ലാവരും സമമാണെന്ന ചിന്ത ട്രംപിനെ തൊട്ടുതീണ്ടിയിട്ടില്ല. മുന്‍കാല പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ് സീനിയറും, ജൂനിയറും ട്രംപിനൊപ്പം നില്‍ക്കില്ലെന്നു നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്.

ഇന്ത്യയുമായി ഊഷ്മള ബന്ധമാണ് ബറാക് ഒബാമ കാത്തുസൂക്ഷിച്ചത്. നിരവധി കരാറുകളില്‍ ഇന്ത്യയും അമേരിക്കയും ഏര്‍പ്പെടുകയുണ്ടായി. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഒബാമ ഇന്ത്യാസന്ദര്‍ശനവേളയില്‍ ആഞ്ഞടിച്ചത് മറക്കാനാവുകയില്ല. രണ്ടു വര്‍ഷത്തിനിടയില്‍ നാലു തവണ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചു.
വിടവാങ്ങല്‍ പ്രസംഗം നടത്തുന്നതിനിടയ്ക്ക് അമേരിക്കയുടെ ഭാവിയോര്‍ത്ത് ഒബാമ നിരുദ്ധകണ്ഠനായതു മറക്കാനാവില്ല. ജനാധിപത്യം കാത്തുസൂക്ഷിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ഥിച്ചത്. ട്രംപ് അധികാരമേറ്റാല്‍ ആ ആഗ്രഹം സഫലമാകുമോ എന്ന കാര്യത്തില്‍ ലോകത്തിനു മുഴുവന്‍ ആശങ്കയുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.