
കോട്ടയം: ശാസ്ത്രീയ സംഗീതജ്ഞയും പിന്നണി ഗായികയുമായ ഡോ.വൈക്കം വിജയലക്ഷ്മിക്ക് മംഗല്യ യോഗമെത്തി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന് അനൂപാണ് വിജയലക്ഷ്മിക്ക് വരനാകുന്നത്. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ അനൂപ് വിജയലക്ഷ്മിക്ക് താലി ചാര്‍ത്തും.
ഈമാസം 10ന് രാവിലെ 10നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വിജയലക്ഷ്മിയുടെ വീട്ടിലാണ് വിവാഹ നിശ്ചയവും മോതിരംമാറ്റവും നടക്കുക. ഇന്റീരിയര്‍ ഡെക്കറേഷന് കരാറുകാരനും മിമിക്രി കലാകാരനും കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീതം ഏറെ ഇഷ്ടപ്പെടുകയും ആരാധകനായി മാറുകയും ചെയ്ത അനൂപ് വിജയലക്ഷ്മിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. കലാകാരനാണെന്നതും സംഗീതത്തിലുള്ള അറിവും അനൂപിലേക്ക് വിജയലക്ഷ്മിയെയും ആകൃഷ്ടയാക്കി. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…’ എന്ന പാട്ടിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നത്. ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന’ എന്ന ഗാനത്തിലൂടെ മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടി.