2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈകിയോട്ടവും വേഗതക്കുറവും യാത്രക്കാരെ വലയ്ക്കുന്നു

ആലപ്പുഴ: പാത തുറന്ന് 30 വര്‍ഷം കഴിഞ്ഞിട്ടും എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ റെയില്‍ പാതയിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല.
ട്രെയിനുകള്‍ വൈകിയോടുന്നതു മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന ബോഗികളും കുറഞ്ഞത് 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന ട്രാക്കുകളുമാണ് ഉള്ളതെന്നിരിക്കെ ഇപ്പോഴും ശരാശരി 40 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ ഇതു വഴി കടന്നു പോകുന്നത്. ഡീസല്‍ എന്‍ജിന്‍ മാറ്റി ഇലക്ട്രിക് എന്‍ജിനുകളാകുമ്പോള്‍ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്താനും യാത്രതുടരാനും സമയം കുറച്ചുമതി എന്നാണ് കരുതിയിരുന്നതെങ്കിലും സമയദൈര്‍ഘ്യത്തിനു മാറ്റമുണ്ടായിട്ടില്ല.
ഇരട്ടപ്പാത നിര്‍മാണം സമീപകാലത്തൊന്നും പൂര്‍ത്തിയാകില്ലെന്നിരിക്കെ എല്ലാ സ്റ്റേഷനുകളും ക്രോസിങ് സൗകര്യമുള്ള ബ്ലോക്ക് സ്റ്റേഷനുകളായി മാറ്റി കാത്തുകിടപ്പ് കുറച്ചു ഓട്ടസമയം ലാഭിക്കാമെന്ന ആവശ്യത്തിനു തീരദേശ പാതയുടെ അത്രതന്നെ പഴക്കമുണ്ട്. ഓരോ കേന്ദ്ര റെയില്‍വേ ബജറ്റിന്റെ മുന്നോടിയായും ഇക്കാര്യം ഉന്നയിച്ചു അക്കാലങ്ങളിലെ കേന്ദ്ര റെയില്‍വേ മന്ത്രിക്കു വിവിധ സംഘടനകള്‍ കത്ത് അയച്ചിട്ടുണ്ടെങ്കിലും ആരും ഒരു മറുപടി പോലും നല്‍കിയിട്ടില്ല.
നൂറു കിലോമീറ്റര്‍ പാതയും എറണാകുളം, ആലപ്പുഴ, കായംകുളം ഉള്‍പ്പടെ 20 സ്റ്റേഷനുകളുമാണ് 1989 ഒക്ടോബര്‍ 16-നു തുറന്ന തീരദേശ റെയില്‍ പാതയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പഴക്കം ചെന്ന പാസഞ്ചര്‍ ബോഗികള്‍ മാറ്റി കുലുക്കം കുറഞ്ഞതും സൗകര്യങ്ങള്‍ കൂടിയതുമായ ആധുനിക കോച്ചുകള്‍ ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വേണ്ട രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത കോച്ചുകളുടെ ഉപയോഗം അപകടങ്ങള്‍ക്കും കാരണമാകാം. ടോയ്‌ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള മെമു സര്‍വിസുകള്‍ അധികാരികള്‍ വിചാരിച്ചാല്‍ വൈകാതെ തുടങ്ങാനാകും. അങ്ങനെയായാല്‍ ആയിരങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന വൈകിയോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം ഏര്‍പ്പാടുമാകും.
തീരദേശ റെയില്‍ പാതയ്ക്കു തുടക്കമിട്ടിട്ടു മൂന്നു പതിറ്റാണ്ടായെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും മെല്ലെപ്പോക്കു നയമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്നു കെര്‍പ ആക്ടിങ് സെക്രട്ടറി ജോസഫ് പറയുന്നു. ഈ പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ഒരു പാര്‍ലമെന്റ് അംഗം പോലും ആവശ്യമായ താല്‍പര്യം വികസന കാര്യങ്ങള്‍ക്കായി എടുത്തിട്ടില്ല.
നിലവില്‍ ഓടിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ റേക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഫലപ്രദമായി വിനിയോഗിച്ചാല്‍ത്തന്നെ വൈകിയോട്ടം കഴിവതും കുറയ്ക്കാനാകും. ക്രോസിങിനായുള്ള കാലതാമസവും അത്തരത്തില്‍ കണക്കുകൂട്ടി പരിഹരിക്കാവുന്നതേയുള്ളു. എറണാകുളം-കോട്ടയം-കായംകുളം റൂട്ടില്‍ നടത്തുന്ന അറ്റകുറ്റപ്പണികളും തീരദേശ പാതയിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.