2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വേനല്‍ മഴ: ജില്ലയില്‍ കനത്ത നാശനഷ്ടം

രാമപുരം: ഇന്നലെ ഉണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും രാമപുരത്തും പരിസര പ്രദേശങ്ങളിലും വന്‍ നാശനഷ്ടം.
വാഴ, കപ്പ, ജാതി, റബര്‍, തേക്ക്, ആഞ്ഞിലി, എന്നിവ കാറ്റില്‍ ഒടിഞ്ഞുവീണു. ശക്തമായ ഇടിമിന്നലില്‍ രാമപുരം പോസ്റ്റ് ഓഫീസിന് സമീപമുള്ള തെങ്ങിന് തീപിടിച്ച് കത്തിയത് ജനങ്ങളില്‍ പരിഭ്യാന്തി പരത്തി. പാലവേലിയില്‍ കീഴാക്കല്‍ ഇല്ലത്ത് ജയകുമാറിന്റെ കുലച്ചതും കുലയ്ക്കാറായതുമായ ആയിരത്തോളം വാഴകള്‍ ഒടിഞ്ഞു നശിച്ചു. കൊണ്ടാട് പ്രദേശത്ത് വീടിന്റെ മുകളിലേയ്ക്ക് വന്‍ ആഞ്ഞിലിമരം കടപുഴകിവീണ് വീട് ഭാഗീകമായി തകര്‍ന്നു.
തേക്കുമലക്കുന്നേല്‍ കൃഷ്ണന്‍കുട്ടിയുടെ വീടാണ് തകര്‍ന്നത്. പനച്ചേപ്പിള്ളിയില്‍ ജോസിന്റെ ടാപ്പിംഗ് നടത്തുന്ന 22 റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു നശിച്ചു. സണ്ണി പെരുമ്പ്രാപ്പിള്ളില്‍, ബേബി നാട്ടുനിലത്ത്, സുരേഷ് പാമ്പയ്ക്കല്‍, ചിന്നമ്മ താന്നിയ്ക്കല്‍, സത്യന്‍ നായര്‍ കരോട്ട്കാരൂര്‍, മോഹനന്‍ കുഴുപ്പനാല്‍ എന്നിവരുടെ നിരവധി റബ്ബര്‍ മരങ്ങളും കൃഷികളും നശിച്ചു. കൊല്ലംപറമ്പില്‍ ബെന്നിയുടെ വീട് കാറ്റത്ത് ഭാഗീകമായി തകര്‍ന്നു.
വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ പ്രിയ എസ്. നായര്‍, രാമപുരം കൃഷി അസിസ്റ്റന്റ് മജ്ഞു പുരുഷോത്തമന്‍ നിരപ്പേല്‍, കൊണ്ടാട് വാര്‍ഡ് മെമ്പര്‍ ടൈറ്റസ് മാത്യു ചിറ്റടിച്ചാലില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
കടുത്തുരുത്തി: ശക്തമായി വീശിയടിച്ച കാറ്റില്‍ കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ കൃഷി നാശം. പാഴുത്തുരുത്ത് വാഴത്തറ പീറ്ററിന്റെ 50 കുലച്ച വാഴകളും കീഴൂരില്‍ നടുവിലേടത്ത് പി.എന്‍ സോയിയുടെ 300 ഏത്തവാഴകളും വാലാച്ചിറയില്‍ മാറാംകുന്നേല്‍ ബേബിയുടെ 50 ഏത്തവാഴകളും ഇരവിമംഗലം വടക്കേ ഉപ്പൂട്ടില്‍ കുര്യാക്കോസ് സൈമന്റെ 150 ഏത്തവാഴകളും കാറ്റില്‍ ഒടിഞ്ഞു നശിച്ചു. ഇന്നലെ 4.30 ഓടെ മഴക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിലാണ് വ്യാപക കൃഷിനാശം. പ്രളയത്തിനുശേഷം ചെയ്ത വാഴകൃഷികളാണ് നശിച്ചത്. ശക്തമായ കാറ്റില്‍ ആദിത്യപുരം കദളിക്കാലായില്‍ ബിനോയി ജോസഫിന്റെ കാര്‍ ഷെഡ് തകര്‍ന്നുവീണു. ഇരവിമംഗലം, പാഴുത്തുരുത്ത്, മാന്നാര്‍, മങ്ങാട് എന്നിവിടങ്ങളില്‍ മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.കടുത്തുരുത്തി മേഖലയില്‍ വ്യാപകമായി വൈദുതി ബന്ധം തകരാറിലായി.
വൈക്കം: അപ്രതീക്ഷിത വേനല്‍ മഴയില്‍ പാഞ്ഞെത്തിയ ചുഴലിക്കാറ്റ് തലയാഴം ഗ്രാമപഞ്ചായത്തിലെ വാക്കേത്തറ, തോട്ടകം, ചെട്ടിക്കരി, മുണ്ടാര്‍, മാരാംവീട്, വിയറ്റ്‌നാം, വളഞ്ഞമ്പലം, അമ്പാനപ്പള്ളി മേഖലകളില്‍ കനത്ത നാശമാണ് വരുത്തിയത്. പതിനഞ്ചു മിനുട്ടോളം വീശിയടിച്ച ചുഴലിക്കാറ്റ് ഫലവൃക്ഷങ്ങളെയും തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളെയും കശക്കിയെറിഞ്ഞു. വീടിനുമുകളിലേക്ക് മരങ്ങള്‍ കടപുഴകി. ആറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പഞ്ചായത്തിലെ വാക്കേത്തറ കൊച്ചുതയ്യില്‍ സരോജിനിയുടെ വീടിന്റെ ഒരു ഭാഗം മഹാഗണി മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്നു. മരം വീണ ശബ്ദം കേട്ട് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സരോജിനിയുടെ മകന്‍ അനില്‍കുമാറിന്റെ മുഖത്ത് ലൈന്‍കമ്പി തെറിച്ചുവീണതിനെ തുടര്‍ന്ന് പരുക്കേറ്റു. ചുണ്ടിനും കണ്‍പോളയ്ക്കുമെല്ലാം പരുക്കുണ്ട്.
താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊച്ചുതയ്യില്‍ മോഹനന്‍, തമ്പി എന്നിവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിനു ചുറ്റുമുള്ള ഫലവൃക്ഷങ്ങളെല്ലാം കടപുഴകി. മേഖലയില്‍ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. ഗ്രാമീണ റോഡുകളിലേക്കെല്ലാം മരങ്ങള്‍ നിലംപതിച്ചു. തെങ്ങ് കടപുഴകി വീണ് തോട്ടകം പാര്‍വതി വിലാസത്തില്‍ ശോഭാ സത്യന്റെ കറവയുള്ള പശു ചത്തു. ചെട്ടിക്കരിയില്‍ ഏക്കര്‍കണക്കിനു സ്ഥലത്തെ വാഴ, കപ്പ കൃഷികള്‍ക്കും നാശം സംഭവിച്ചു. പലതും വിളവെടുപ്പിന് പാകമായി നില്‍ക്കുന്നതായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖല പച്ചപിടിച്ചു വരുമ്പോഴാണ് വീണ്ടും പ്രകൃതിയുടെ കലി തുള്ളല്‍. വീശിയടിച്ച ചുഴലിക്കാറ്റില്‍ ചേര്‍ത്തല-വൈക്കം റോഡിലെ ഗതാഗതം നിലച്ചു. തോട്ടകം പള്ളി മുതല്‍ മാരാംവീട് വരെയുള്ള റോഡിന്റെ ഭാഗത്താണ് മരങ്ങള്‍ വീണത്. ഗതാഗതം മാടപ്പള്ളിയില്‍നിന്നും മൂത്തേടത്തുകാവ് വഴി തിരിച്ചുവിട്ടു. വൈക്കത്തുനിന്നും ചേര്‍ത്തലയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കരിയാര്‍ സ്പില്‍വേ വഴിയാണ് തിരിച്ചുവിട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ഒരുപോലെ ചുക്കാന്‍പിടിച്ചു. സന്ധ്യ മയങ്ങിയിട്ടും നിലംപൊത്തിയ മരങ്ങള്‍ പൂര്‍ണമായി വെട്ടിമാറ്റാന്‍ സാധിച്ചിട്ടില്ല. ഇലക്ഷന്‍ തിരക്കായതിനാല്‍ വില്ലേജ് റവന്യു അധികാരികള്‍ക്ക് കാര്യമായി രംഗത്തുവരാന്‍ കഴിയുന്നില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.