
കൊല്ലം: കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കന്‍ മേഖലകളിലുണ്ടായ കനത്ത വേനല്‍ മഴക്കൊപ്പമെത്തിയ കാറ്റ് വ്യാപക നാശം വിതച്ചു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ കിഴക്കുംഭാഗം, ചേകം പ്രദേശങ്ങളിലാണ് കാറ്റ് താണ്ഡവമാടിയത്. വൈകിട്ട് അഞ്ചരയോടെ പെയ്ത മഴയ്ക്കൊപ്പം അഞ്ച് മിനിട്ടോളം നീണ്ടുനിന്ന കാറ്റാണ് വലിയ നാശം വരുത്തിവച്ചത്.
റബര്‍, ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങളും, വാഴ, ചീനി, ചേന എന്നീ കാര്‍ഷിക വിളകള്‍ക്കും നാശം വിതച്ചു. ചേകം ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട് മാവ് കടപുഴകി വീണ് തകര്‍ന്നു.
കൈപ്പുഴ തെക്കേതില്‍ തങ്കപ്പന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഈട്ടിവിള വീട്ടില്‍ രാജന്, ഉദിയന്പുഴ വീട്ടില്‍ ഭാസ്കരന് എന്നിവരുടെ വീടിനുമുകളിലും മരംവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട് .കൈപ്പുഴ വീട്ടില്‍ രവീന്ദ്രന്റെ വീട്ടുവളപ്പിലെ കൂറ്റന്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ആവണീശ്വരം നെടുവന്നൂരില്‍ നിന്നും അഗ്നിശമന സേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക്അപ് വാനിന് മുകളിലേക്ക് മരം വീണ് വാഹനത്തിനും കേടുപാട് സംഭവിച്ചു.