2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വേനല്‍ക്കാലം ചില ആരോഗ്യ നിര്‍ദേശങ്ങള്‍

 

#ഡോ.ബാസില്‍ യൂസുഫ് പാണ്ടിക്കാട്
ചീഫ് ഫിസിഷ്യന്‍
ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്

ഈ വര്‍ഷത്തെ വേനല്‍ ഏറെ കടുത്തുവല്ലോ. ഗള്‍ഫില്‍ പറഞ്ഞുകേട്ട ചൂട് നാം നേരിട്ടനുഭവിക്കുമ്പോള്‍ മുന്‍പില്ലാത്ത വിധം മുന്നൊരുക്കങ്ങള്‍ വേണ്ടിയിരുന്നു. മൂത്രക്കടച്ചില്‍ ഉള്‍പ്പെടെയുള്ള മൂത്രാശയ രോഗങ്ങള്‍, മൂത്രക്കല്ല്, സൂര്യാഘാതം, ചൂടുകുരു, ഭക്ഷ്യവിഷബാധ, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയവയാണ് പ്രധാന വേനല്‍ക്കാല രോഗങ്ങള്‍.

മൂത്രാശയ രോഗങ്ങള്‍
വേനല്‍ കടുക്കുമ്പോള്‍ ശരീരത്തിലെ ജലം വിയര്‍പ്പായി നഷ്ടപ്പെടുകയും മൂത്രോല്‍പാദനം കുറയുകയും മൂത്രാശയത്തില്‍ അണുബാധയുണ്ടാവുകയും ചെയ്യുന്നതിനാല്‍ മൂത്രമൊഴിക്കാന്‍ പ്രയാസം, അടിവയറ്റില്‍ വേദന, വിറയല്‍ ഇടയ്ക്കിടെ മൂത്രശങ്ക എന്നിവയുണ്ടാകുന്നു. മൂത്രത്തില്‍ പഴുപ്പ് രൂപപ്പെടുകയും പനി, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

മൂത്രക്കല്ല്
ശരീരത്തിനനുസരിച്ച് വെള്ളം കിട്ടിയില്ലെങ്കില്‍ കിഡ്‌നിയില്‍ കല്ല് രൂപ്പെടാന്‍ സാധ്യതയുണ്ട്. അസഹ്യമായ വേദന, കടച്ചില്‍ മൂത്രമൊഴിക്കാനുള്ള പ്രയാസം, ഓക്കാനം, ഊരവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

സൂര്യാഘാതം
സൂര്യതാപം നേരിട്ടേല്‍ക്കുന്നവര്‍ക്കാണ് ഇതുണ്ടാകാറ്. കടുത്ത ക്ഷീണം, ഉയര്‍ന്ന ഹൃദയമിടിപ്പ് നിരക്ക്, ബോധക്ഷയം, ചര്‍മത്തില്‍ പരുപരുപ്പ്, നിര്‍ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സൂക്ഷിച്ചില്ലെങ്കില്‍ ഇതുകാരണം മരണംവരെ സംഭവിച്ചേക്കാം.

ചിക്കന്‍പോക്‌സ്
വൈറസ് പരത്തുന്ന ഈ രോഗത്തിന് പനി, തലവേദന, ചര്‍മത്തില്‍ ചൊറിച്ചിലോടുകൂടിയ കുമിളകള്‍ രൂപപ്പെടുക, ചൊറിച്ചില്‍, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചെങ്കണ്ണ്
കണ്ണിന്റെ വെളളഭാഗം ചുവന്ന നിറമാവുക, ചൊറിച്ചില്‍ അനുഭവപ്പെടുക, കണ്ണില്‍നിന്ന് അമിതമായി വെള്ളംവരുക എന്നിവയാണ് ലക്ഷണങ്ങള്‍.

ചര്‍മരോഗങ്ങള്‍
ചൂട് വര്‍ധിക്കുമ്പോള്‍ ശരീരത്തിലെ വിയര്‍പ്പ് പുറത്തുവരാതെ ഗ്രന്ഥികള്‍ അടയുന്നതിനാല്‍ ചൂടുകുരു കാണാറുണ്ട്. കൂടാതെ ചര്‍മത്തിലെ പൂപ്പല്‍ ബാധ സാധ്യതയും ഉഷ്ണകാലത്ത് കൂടുതലാണ്.

മുന്‍കരുതലുകള്‍
മഴക്കാലരോഗങ്ങളെ അപേക്ഷിച്ച് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നത് കുറവാണ്. കൃത്യമായ പ്രതിരോധ മുന്‍കരുതലുകളെടുത്ത് രോഗങ്ങളെ ചെറുക്കാം.

=ഭക്ഷണത്തിലെ ക്രമീകരണം
= ധാരാളം വെള്ളം കുടിക്കുക
= കട്ടിയുള്ള ആഹാരം ഒഴിവാക്കുക
= അമിതമായി മസാലകള്‍ പാടില്ല
= ദഹിക്കാന്‍ പ്രയാസമുള്ള മാംസാഹാരം കുറയ്ക്കുക
=പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക
=തണ്ണിമത്തന്‍, ഓറഞ്ച്, കക്കിരി എന്നിവ കൂടുതല്‍ കഴിക്കുക
= ഇളനീര്‍, സംഭാരം, നന്നാറി, നാരങ്ങാവെള്ളം, കഞ്ഞിവെല്ലം എന്നിവ കൂടുതലായി കുടിക്കുക
= തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
= വിശ്വസ്തമായ സ്ഥലങ്ങളില്‍ നിന്നുമാത്രം ഭക്ഷണം കഴിക്കുക

വെയിലത്ത് അറിയാന്‍
വെയിലത്തിറങ്ങുന്ന സമയം വൈകുന്നേരമോ രാവിലെയോ ആക്കുക
നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ കുട, തൊപ്പി, കണ്ണട, മുഴുനീളന്‍ വസ്ത്രം എ്ന്നിവ ഉപയോഗിക്കുക
വെയിലത്ത് വാഹനം പാര്‍ക്ക് ചെയ്ത് അതില്‍ ഇരിക്കാതിരിക്കുക
അയഞ്ഞ ഇളംനിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

കുട്ടികളെ ശ്രദ്ധിക്കുക
= മുലകുടിക്കുന്ന കുട്ടികളെ ഇടയ്ക്കിടെ പാലൂട്ടാന്‍ ശ്രദ്ധിക്കുക
= വെയിലത്ത് കളിക്കുന്നത് നിയന്ത്രിക്കുക
= കുട്ടികളുടെ ഷീറ്റ് പ്ലാസ്റ്റിക് ആകാതിരിക്കാന്‍ ശ്രദ്ധിക്കുക
= ദിവസവും രണ്ടുനേരം കുളിപ്പിക്കുക
= അയഞ്ഞ കോട്ടണ്‍-ബനിയന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുക.

 

 

 

 

 

കുട്ടികളിലെ ദന്തശുചിത്വം

 

#ഡോ.നിയാസ് ബക്കര്‍ എം.പി ചീഫ് ഡെന്റല്‍ സര്‍ജന്‍ റഹ്മാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക് വൈലത്തൂര്‍ 83040762 11

എത്ര ശ്രമിച്ചാലും കുട്ടിയുടെ പല്ലുകള്‍ കേടുവരുന്നു എന്നതാണ് ഒട്ടുമിക്ക രക്ഷിതാക്കളുടെയും പരാതി.
‘ കുട്ടികളുടെ പാല്‍പ്പല്ല് പറിഞ്ഞ് പോകില്ലേ. കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടോ? ‘
‘ചെറുപ്രായത്തില്‍ ദന്തശുചിത്യം പാലിച്ചില്ലെങ്കില്‍ സ്ഥിരദന്തങ്ങളെ ബാധിക്കുമോ?’
‘മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ ദന്തരോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണോ?’
എന്നിങ്ങനെയാണ് രക്ഷിതാക്കളുടെ പ്രധാന സംശയങ്ങള്‍. എന്നാല്‍ കുട്ടികളുടെ ദന്തശുചിത്വത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ മുന്‍പത്തേതിനേക്കാള്‍ ബോധവാന്മാരാണ് ഇപ്പോള്‍ എന്നത് അഭിനന്ദനാര്‍ഹമാണ്. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങള്‍വരെ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇതില്‍ ദന്ത ശുചിത്വം വളരെ പ്രധാനപ്പെട്ട ഘടകമാണ്.

മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളുടെ ദന്താരോഗ്യത്തില്‍ കാണപ്പെടുന്ന വ്യത്യാസങ്ങള്‍:
=പല്ലിന്റെ പുറംപാളിയായ ഇനാമെല്‍ പാല്‍പ്പല്ലുകളില്‍ വളരെ നേര്‍ത്തതാണ്. സ്ഥിര ദന്തങ്ങളെക്കാള്‍ കട്ടി കുറവായതിനാല്‍ പല്ലുകള്‍ പെട്ടെന്ന് കേടുവരാന്‍ സാധ്യത കൂടുതലാണ്.
=കുട്ടികള്‍ മധുരം കൂടുതല്‍ കഴിക്കുകയും ബാക്ടീരിയകള്‍ ഇവ ഉപയോഗപ്പെടുത്തി ആസിഡ് ഉല്‍പ്പാദിപ്പിക്കുകയും പല്ലുകള്‍ ദ്രവിക്കുകയും ചെയ്യുന്നു
=ദന്ത ശുചിത്വത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ രണ്ട് വയസുവരെ രക്ഷിതാക്കളെ ആശ്രയിക്കുന്നു. ഈ ഘട്ടത്തില്‍ വരുത്തുന്ന വീഴ്ചകള്‍ കുട്ടികളുടെ ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
=ചില പാരമ്പര്യ ദന്തരോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നു. (ഡെന്റിനോജെനസിസ് ഇംപെര്‍ഫെക്ട, അമെലോജെനസിസ് ഇംപെര്‍ഫെക്ട, ഇനാമെല്‍ ഹൈപോജ്‌ലാസിയ).

ദന്ത സംരക്ഷണ രീതികള്‍:
=മധുരം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികള്‍ക്ക് വളരെ പ്രിയമാണ്. അവ തീര്‍ത്തും ഒഴിവാക്കല്‍ പ്രയാസകരമായതിനാല്‍ ഇത്തരം മധുര പലഹാരങ്ങളുടെയും മിഠായികളുടെയും ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്.
=മധുരം കഴിച്ചാലുടനെ ബ്രഷ് ചെയാന്‍ ശീലിപ്പിക്കുക.
=രണ്ടുനേരം യാതൊരു വിട്ടുവീഴ്ചയും കൂടാതെ ബ്രഷിങ് ശീലിപ്പിക്കുക .
=രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ സ്വന്തമായി ബ്രഷിങ് പരിശീലിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
=രാത്രി കിടക്കുന്നതിന് മുന്‍പ് ബ്രഷ് ചെയ്യിക്കുകയും ശേഷം ഭക്ഷണ പദാര്‍ഥങ്ങള്‍ ഒന്നും കഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
=കുട്ടികളില്‍ കണ്ടുവരുന്ന വായിലൂടെയുള്ള ശ്വസനം, പല്ലിറുമ്പല്‍, കൈ കടിച്ച് പിടിക്കുക, നാവ് കൊണ്ട് മേല്‍വരിയിലെ പല്ലുകളും മോണയും തള്ളുക എന്നീ ശീലങ്ങള്‍ കര്‍ശനമായി തടയുക. സ്ഥിരദന്തങ്ങളുടെ ക്രമീകരണത്തെ ഇവ ബാധിക്കാന്‍ സാധ്യതയുണ്ട്.
=ചെറിയ കുട്ടികള്‍ക്ക് ഉറങ്ങുന്ന സമയങ്ങളില്‍ പാല്‍ക്കുപ്പി കൊടുക്കാതിരിക്കുക. നഴ്‌സിങ് ബോട്ടില്‍ കാരീസ് സിന്‍ഡ്രം എന്ന അസുഖത്തിന്റെ പ്രധാനകാരണവും ഇതാണ്.
=ഫാസ്റ്റ്ഫുഡ്, പാക്കറ്റ് സ്‌നാക്‌സ് എന്നിവ കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രമിക്കുക. ചെറുപ്രായത്തില്‍ തന്നെ ഇത്തരം ഭക്ഷണശൈലി നിയന്ത്രണം ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം നിരവധി അസുഖങ്ങളെയും തടയുന്നു.
=പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിന്‍ കാല്‍സ്യം പൊട്ടാസ്യം എന്നിവ പല്ലിന്റെയും എല്ലിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
=പെന്‍സില്‍, സൂചി, റബ്ബര്‍ പോലുള്ള വസ്തുക്കള്‍ കടിക്കുന്ന ശീലം കുട്ടികളില്‍ ഒഴിവാക്കുക.
=കേടുവന്ന പല്ലുകള്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും വേണം.
=വേദന അനുഭവപ്പെടുമ്പോള്‍ മാത്രം ഡോക്ടറെ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കുക. ദന്തരോഗങ്ങള്‍ പ്രഥമഘട്ടത്തില്‍ത്തന്നെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ നല്ലതാണ്.
=റെഗുലര്‍ ഡെന്റല്‍ ചെക്കപ്പ് ശീലമാക്കുക. ആറ് മാസത്തില്‍ ഒരിക്കലെങ്കിലും കുട്ടികളുടെ ദന്താരോഗ്യം പരിശോധിക്കുന്നത് ഏറെ ഗുണകരമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.