2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വേദനാജനകം: സമസ്ത

സ്വന്തം ലേഖകന്‍
കോഴിക്കോട്: മുസ്‌ലിംകളെ വേദനിപ്പിക്കുന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയല്ല ചില മന്ത്രിമാരും രാഷ്ട്രീയക്കാരും ചെയ്യേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മറിച്ച് മുസ്‌ലിംകള്‍ക്ക് ആശ്വാസം നല്‍കുന്ന സമീപനങ്ങളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടോ എന്ന് സംശയമുണ്ട്. ചില മന്ത്രിമാര്‍ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതു സര്‍ക്കാരിന്റെ അഭിപ്രായമാണോ എന്ന് അറിയില്ല. മുഖ്യമന്ത്രി അങ്ങനെ പറയുമെന്നു കരുതുന്നില്ല.

സര്‍ക്കാരിന്റെ അഭിപ്രായമാണെങ്കില്‍ അതു ശരിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജനത്തിന് ആരു മുന്‍കൈയെടുത്താലും സ്വാഗതം ചെയ്യും. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ നല്ല കാര്യമാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്‌ലാം. പാലാ ബിഷപ്പിന്റെ പ്രസ്താവന സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ പൊതുവേദിയിലല്ല പറയേണ്ടത്. അത്തരം പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനോടാണ് പറയേണ്ടത്. ബിഷപ്പ് പറഞ്ഞതു പോലുള്ള കാര്യങ്ങള്‍ നടത്തുന്നവര്‍ ഏതു വിഭാഗത്തില്‍പെട്ടവരായാലും അവരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കണം. വലിയ സ്ഥാനത്തിരിക്കുന്ന മതനേതാക്കന്‍മാരില്‍നിന്ന് മതസൗഹാര്‍ദം ഉണ്ടാക്കുന്ന വാക്കുകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്.
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം സൗഹാര്‍ദത്തോടെ ജീവിച്ചുവരുന്നവരാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും മതസൗഹാര്‍ദം ആഗ്രഹിക്കുന്നവരാണ്. കേരളത്തിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കുന്നവരല്ലെന്നാണ് അനുഭവം. വിദ്യാലയങ്ങള്‍ ആര് നടത്തുന്നു എന്നു നോക്കിയല്ല വിദ്യാര്‍ഥികളെ പറഞ്ഞയക്കുന്നത്. എല്ലാ സമുദായങ്ങളും നടത്തുന്ന വിദ്യാലയങ്ങളില്‍ വിവിധ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന നാടാണ് കേരളം. വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ ശേഷം പശ്ചാത്തപിച്ചിട്ട് കാര്യമില്ല. അത്തരം വാക്കുകള്‍ പറയാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തീവ്രവാദം പറയുന്നവര്‍ എല്ലാ കൂട്ടത്തിലുമുണ്ട്. അവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

താമരശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമെന്ന ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊള്ളുമെന്ന് സമസ്തയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ സമസ്തയുടെ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. ഇതിന് അപവാദമായി ആരെങ്കിലും പെരുമാറുമ്പോള്‍ അത് മുസ്‌ലിംകളുടെ മേല്‍ കെട്ടിവയ്ക്കുന്നത് മോശം പ്രവണതയാണ്.
ബിഷപ്പിന്റെ അതേ സ്വഭാവത്തില്‍ നീങ്ങി മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മുസ്‌ലിംകള്‍ വര്‍ഗീയതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കാറില്ല. അത്തരം പ്രവര്‍ത്തനം നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അല്ലാതെ ഇതിന്റെ പേരില്‍ സമുദായത്തെ മൊത്തം കുറ്റപ്പെടുത്തരുതെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.