2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

വേണ്ടത് മുന്‍വിധികളില്ലാത്ത നേരന്വേഷണം


മലപ്പുറത്തിന്റെ പൊതുമനസ്സിനെ അത്യന്തം മുറിവേല്‍പ്പിക്കുകയും ഉല്‍ക്കണ്ഠപ്പെടുത്തുകയും ചെയ്ത സ്‌ഫോടനമാണു കഴിഞ്ഞദിവസം മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ ഉണ്ടായത്. കഴിഞ്ഞ ജൂണില്‍ കൊല്ലം കലക്ടറേറ്റ് വളപ്പിലും അതിനുമുമ്പ് മൈസൂരുവിലും ആന്ധ്രാപ്രദേശിലുമുണ്ടായ സ്‌ഫോടനങ്ങളുമായി സാമ്യമുള്ളതാണു മലപ്പുറത്തെ സ്‌ഫോടനമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ച് ഇതുവരെ ഒരു തുമ്പും പൊലിസിനും എന്‍.ഐ.എക്കും കിട്ടിയിട്ടില്ല. കൊല്ലത്തു നടന്നത് മാവോയിസ്റ്റ് ആക്രമണമായും മലപ്പുറത്തേതു തീവ്രവാദി ആക്രമണമായും ഇതിനിടെ  രൂപാന്തരപ്പെട്ടിട്ടുമുണ്ട്. സ്‌ഫോടനത്തിന്റെ ഉഗ്രത ഉറപ്പുവരുത്തുന്നതിലപ്പുറം തെളിവുകള്‍ നിര്‍ലോഭം സമര്‍പ്പിക്കുന്നതിലാണു സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രദ്ധകൊടുത്തത്.

‘ഇന്‍ ദി നെയിം ഓഫ് അല്ലാഹ്” എന്നു രേഖപ്പെടുത്തുകയും  ഉസാമാ ബിന്‍ലാദന്റെ ചിത്രം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പെന്‍ഡ്രൈവില്‍  പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രമന്ത്രിമാരുടെ ചിത്രവും പാര്‍ലമെന്റിന്റെ ചിത്രവുമുണ്ട്. പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമുണ്ട്. ഇവയ്‌ക്കൊന്നും സ്‌ഫോടനത്തില്‍ പോറലുപോലുമേറ്റിട്ടില്ല. കുറേമുമ്പ് സംഘ്പരിവാറിനാല്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വധത്തിലുള്ള രോഷം പ്രകടമാക്കുന്ന കുറിപ്പും ‘നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു’വെന്ന ഭീഷണിയും എല്ലാംകൂടി അടങ്ങിയ തെളിവു കൂമ്പാരത്തിനു സ്‌ഫോടനത്തില്‍ ഒന്നും സംഭവിച്ചില്ലെന്നത് അദ്ഭുതകരംതന്നെ. ഭോപ്പാലില്‍ കൊല്ലപ്പെട്ട മുസ്്‌ലിം ചെറുപ്പക്കാരായ തടവുകാരുടെ പേരിലായിരുന്നു രോഷപ്രകടനക്കുറിപ്പെങ്കില്‍ സ്‌ഫോടനാവകാശം ആര്‍ക്കെന്നതില്‍ കുറേക്കൂടി വിശ്വാസ്യത വരുത്താമായിരുന്നു.

ടി.പി ചന്ദ്രശേഖരനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറിന്മേല്‍ ‘മാശാ അല്ലാഹ്’ എന്ന് ആലേഖനം ചെയ്ത സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ‘പ്രതി’ ചേര്‍ക്കേണ്ടവരിലേക്ക് എളുപ്പവഴി കാണിച്ചുകൊടുക്കാനായിരുന്നു. ഭാഗ്യവശാല്‍ ഈ സ്റ്റിക്കര്‍ ചൂണ്ടയില്‍ അന്വേഷണോദ്യോഗസ്ഥര്‍ കൊത്തിയില്ല.

മക്കാ മസ്ജിദിലും സംജോത എക്‌സ്പ്രസിലും അജ്മീര്‍ ദര്‍ഗയിലും നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അസിമാനന്ദയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഹിന്ദുത്വതീവ്രവാദികളായിരുന്നുവെന്ന് അന്വേഷണം നടത്തിയ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍ക്കരെ കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അധികംവൈകാതെ മുംബൈ തീവ്രവാദ ആക്രമണത്തില്‍ സംശയാസ്പദമായ നിലയില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയുംചെയ്തു.

ഉത്തരേന്ത്യയില്‍ നിരന്തരം വര്‍ഗീയകലാപങ്ങളും ലഹളകളും നടക്കുമ്പോഴും മതസൗഹാര്‍ദത്തിന്റെ തേജോഗോപുരമായി ഉയര്‍ന്നുനില്‍ക്കുകയായിരുന്നു മലപ്പുറം. ഈയിടെ ഒരു ഹിന്ദുത്വ ബുദ്ധിജീവി മലപ്പുറത്തെ ഇകഴ്ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മാപ്പുചോദിച്ചു.   സുബ്രഹ്മണ്യന്‍സ്വാമി കഴിഞ്ഞദിവസം വിദേശത്തുവച്ചു മലപ്പുറത്തെ ഭീകരവാദജില്ലയായി ചിത്രീകരിച്ചു. ഇതിന്റെ പിന്നാലെയാണു  മലപ്പുറത്തെ സ്‌ഫോടനം നടന്നിരിക്കുന്നത്. നിലനിന്നുവരുന്ന മതസൗഹാര്‍ദം തകര്‍ക്കപ്പെടേണ്ടതു ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് അവര്‍ കരുതുന്നു. അത്തരക്കാരുടെ താല്‍പര്യം ഈ സ്‌ഫോടനങ്ങള്‍ക്കു പിന്നിലുണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലൊട്ടാകെ കലാപം ആളിക്കത്തിയിട്ടും എല്ലാ പ്രകോപനങ്ങളെയും ആത്മസംയമനത്തോടെ അതിജീവിച്ച പാരമ്പര്യമാണു മലപ്പുറത്തിന്റേത്.

അത്തരമൊരു പൈതൃകമുള്ള മലപ്പുറത്തിന്റെ പൊതുമനസ്സിന് വളരെമുമ്പു വധിക്കപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ പേരില്‍ ഇപ്പോള്‍ വികാരംകൊള്ളേണ്ട ആവശ്യമില്ല. ഇതിലെ യുക്തിതന്നെ സംശയിക്കപ്പെടേണ്ടതാണ്. സാമുദായികധ്രുവീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള നിഗൂഢശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നാണു കണ്ടെത്തേണ്ടത്.

അന്യജില്ലകളില്‍നിന്നു മലപ്പുറത്തു ജോലിയാവശ്യാര്‍ഥം വന്ന കലക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ പിന്നീടു മലപ്പുറം അവരുടെ സ്ഥിരതാമസത്തിനുവേണ്ടി തിരഞ്ഞെടുത്തത് ഈ മണ്ണിലെ മതസൗഹാര്‍ദവും പരസ്പരസഹകരണവും സ്‌നേഹാര്‍ദ്രമായ ഇടപെടലുകളും നേരിട്ടനുഭവിച്ചതിനെ തുടര്‍ന്നായിരുന്നു. ആ സ്‌നേഹമാലിക പിച്ചിച്ചീന്താന്‍ തല്‍പരകക്ഷികള്‍ നടത്തുന്ന ഓരോ ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. മലപ്പുറം കലക്ടറേറ്റിലെ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിഷ്പക്ഷവും മുന്‍വിധികളില്ലാത്തതുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അവര്‍ ഏതു മതക്കാരായാലും രാഷ്ട്രീയക്കാരായാലും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.