
മക്കിയാട്: മാനന്തവാടി-കുറ്റ്യാടി ഹൈവേ റോഡില്‍ വെള്ളമുണ്ട മുതല്‍ മക്കിയാട് വരെയുള്ള റോഡ് റീ ടാറിങ് വൈകുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാനന്തവാടിയില്‍ നിന്നും വെള്ളമുണ്ടവരെ റോഡ് റീടാറിങ് നടത്തി. എന്നാല്‍ പൂര്‍ണമായി തകര്‍ന്ന മക്കിയാട് റോഡ് നന്നാക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മക്കിയാടിനും കണ്ടത്തുവയലിനും ഇടയില്‍ കാഞ്ഞിരങ്ങാട് റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികളായി മാറിയിരിക്കുകയാണ്. ഒരു ചെറു മഴ പെയ്താല്‍ പോലും ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴക്ക് മുമ്പേ ഈ ഭാഗം ടാറിങ് നടത്തി വെള്ളം ഒഴുകിപോകാന്‍ ഓവുചാല്‍ നിര്മിച്ചില്ലങ്കില് ഇവിടെ ഗതാഗത തടസമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാലവര്‍ഷം അടുത്ത് എത്തിയിട്ടും റോഡ് ടാറിംഗ് ചെയ്യാനോ കുഴികളടക്കാനോ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.