പാരിസ്: 34 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാരിസിലെ സീന്‍ നദിയിലെ ജലനിരപ്പ് 6.1 മീറ്റര്‍ ഉയര്‍ന്നതോടെ പാരിസ് നഗരം വെള്ളത്തിനടിയിലായി. നദിയിലെ ജലനിരപ്പ് 6.5 മീറ്ററായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതുവരെ 15 പേര്‍ മരിച്ചതായും 42 പേര്‍ക്കു പരുക്കേറ്റതായും ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞു. ആയിരങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്തെയും ദുരന്തസ്ഥലം സന്ദര്‍ശിച്ചു. 20,000 പേരെ മാറ്റിപാര്‍പ്പിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്കന്‍ പാരിസിലെ 20,000 വീടുകളിലെ വൈദ്യുതി വിതരണം മുടങ്ങി. വെള്ളിയാഴ്ചയാണ് സീന്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത്. പാരിസിലെ നിരവധി മ്യൂസിയങ്ങളിലും വെള്ളം കയറി. മുന്‍കരുതലിന്റെ ഭാഗമായി ലോവെര്‍ മ്യൂസിയം അടച്ചുപൂട്ടി. യൂറോപ്പിലെ മൂന്നു രാജ്യങ്ങളിലും വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുകയാണ്. ജര്‍മനിയില്‍ 10 പേര്‍ മരിക്കുകയും 500 ദശലക്ഷം ഡോളറിന്റെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ജര്‍മനിയില്‍ സംഗീതനിശക്കിടെ 51 പേര്‍ക്ക് മിന്നലേറ്റു. കിഴക്കന്‍ റൊമാനിയയില്‍ രണ്ടു പേര്‍ മരിച്ചു. ഫ്രാന്‍സ് മുതല്‍ ഉക്രൈന്‍ വരെയുള്ള മധ്യയൂറോപ്പില്‍ 18 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments are closed for this post.