
നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷകരുടെ വെയിറ്റിങ് ലിസ്റ്റില്‍ നിന്നും ഇനി അനുമതി ലഭിക്കില്ല. സഊദി എംബസിയില്‍ വിസ സ്റ്റാംപിങ് നടപടികള്‍ ഇന്നലെ അവസാനിപ്പിച്ചിട്ടുണ്ട്.
വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും ഈ വര്‍ഷം ആകെ 325 പേര്‍ക്കാണ് അനുമതി ലഭിച്ചത്. 256 പേര്‍ക്ക് ഹജ്ജ് ക്യാംപ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അനുമതി ലഭ്യമായി. 69 പേര്‍ക്ക് ക്യാംപ് ആരംഭിച്ചശേഷവും.
കേരളത്തിന് ഈ വര്‍ഷം അനുവദിച്ച ഹജ്ജ് ക്വാട്ട 5033 ആയിരുന്നു. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി 9943 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ അനുമതി ലഭിക്കുകയായിരുന്നു. ഇതില്‍ 1626 പേര് 70 വയസ്സ് കഴിഞ്ഞ ഒന്നാം കാറ്റഗറിയിലും 8317 പേര് അഞ്ചാം വര്‍ഷ അപേക്ഷകരുടെ കാറ്റഗറിയിലും ഉള്‍പ്പെട്ടവരായിരുന്നു. പിന്നീട് നാലാം വര്‍ഷ അപേക്ഷകരുടെ കാറ്റഗറിയില്‍ നിന്നാണ് 325 പേര്‍ക്ക് കൂടി അനുമതി ലഭിച്ചത്.