2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീറുചോരാതെ പി. ശശിയുടെ രണ്ടാം വരവ്

   

സുരേഷ് മമ്പള്ളി
കണ്ണൂർ
സി.പി.എമ്മിൽ തലമുറമാറ്റം നടന്ന എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് പി.ശശി സംസ്ഥാന സമിതിയിലെത്തുന്നത്. യുവാക്കൾക്കായി തലമുറമാറ്റം എന്നാണു പറഞ്ഞതെങ്കിലും മധ്യവയസ് പിന്നിട്ട പി.ശശി സംസ്ഥാന കമ്മിറ്റിയിലെത്തിയത് അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ വൈകാതെ ശശിയെത്തുമെന്ന് അന്നുതന്നെ അടക്കംപറച്ചിലുണ്ടായിരുന്നു.
ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ ചരിത്രമാണ് പി.ശശിയെ വ്യത്യസ്തനാക്കുന്നത്. വിവാദങ്ങളും പാർട്ടിയിൽനിന്നു തന്നെ ഉയർന്ന ആരോപണങ്ങളുമെല്ലാം അതിജീവിച്ചാണ് കൂടുതൽ കരുത്തനായി പി.ശശിയുടെ രണ്ടാംവരവ്. വിവാദകാലങ്ങളിലെല്ലാം പി.ശശിക്ക് തണലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതലാണ്. പി.ശശിയിലുള്ള കറകളഞ്ഞ വിശ്വാസമാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കാനും പിണറായിയെ പ്രേരിപ്പിച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതുകൊണ്ടു മാത്രമല്ല, നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനശേന് സ്ഥാനമൊഴിയേണ്ടിവന്നത്. ഭരണതലപ്പത്തെ ഗൗരവമേറിയ വിഷയങ്ങളിൽ പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാകാതെ എളുപ്പം തീരുമാനമെടുക്കാൻ കഴിയാത്തതിലെ പരിചയക്കുറവും ദിനേശനെ മാറ്റാൻ കാരണമായി. നയനാർ സർക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി.ശശിയുടെ തകർപ്പൻ പ്രകടനം തുടർഭരണത്തിന് കരുത്താവുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രിക്കുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് കൂടിയായിരുന്നു പി. ശശി. 2011 വരെ കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തിൽ ഏറെ കരുത്തനായ നേതാവായിരുന്നു ശശി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, വനിതാപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ 2011ലാണ് ശശി പുറത്താകുന്നത്. അപ്പോഴും പിണറായി ഉൾപ്പെടെയുള്ള നേതാക്കളുമായുണ്ടായിരുന്ന ആത്മബന്ധം മാത്രം മുറിഞ്ഞില്ല.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടുവെങ്കിലും ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. രാഷ്ട്രീയത്തിൽനിന്ന് മാറിയതോടെ പി.ശശി അഭിഭാഷകവൃത്തിയിൽ സജീവമായി. നിരവധി പൊതുതാൽപര്യ ഹരജികൾ വാദിച്ചു ജയിച്ചതിന്റെ അംഗീകാരം കൂടിയുണ്ട് അദ്ദേഹത്തിന്.

സി.പി.എമ്മിനെ ഉലച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കായി ഹാജരായ അഭിഭാഷകരിൽ ഒരാൾ കൂടിയായിരുന്നു. ഇതോടെ സി.പി.എം നേതൃത്വത്തിൽ പി.ശശിക്ക് നിർണായക സ്വാധീനവും ലഭിച്ചു. സി.പി.എം പോഷക സംഘടനയായ ആൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ നേതാവായാണ് വീണ്ടും പൊതുപ്രവർത്തനത്തിൽ സജീവമായത്. സംഘടനയുടെ ജില്ലാ ഭാരവാഹിയായ ശശിക്ക് വൈകാതെ പാർട്ടി അംഗത്വവും തിരികെ ലഭിച്ചു.
ശശിക്കെതിരേയുള്ള പരാതിയിൽ കഴമ്പില്ലെന്നു കണ്ട് 2016ലാണ് നീലേശ്വരം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2018 ജൂലൈയിൽ തലശേരി ടൗൺ ബ്രാഞ്ച് കമ്മിറ്റിയിലൂടെ പാർട്ടി അംഗത്വത്തിൽ തിരിച്ചെത്തിയ പി.ശശി, ലോക്കൽ, ഏരിയാ കമ്മിറ്റികളിലൂടെ പടിപടിയായി 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലുമെത്തി. പെരളശേരി മാവിലായി സ്വദേശിയായ ശശി തലശേരി കോടതിയിൽ അഭിഭാഷകനായതിനാൽ ഏറെക്കാലമായി തലശേരിയിലാണ് താമസം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.