തിരുവനന്തപുരം: സത്യപ്രതിജ്ഞാ കുരുക്കില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തെറ്റുതിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍, മന്ത്രി വീണ്ടും ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ മെയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നു പറഞ്ഞാണ്. പിന്നീട് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രൊഫസര്‍ എന്ന പദമൊഴിവാക്കി ഡോ. ആര്‍. ബിന്ദുവെന്ന് തിരുത്തി. കൂടാതെ പേര് തിരുത്തി ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കുകയും ചെയ്തു. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രൊഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിനു തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയ സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
Comments are closed for this post.