2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

വീണ്ടും സംഘര്‍ഷഭരിതമാകുന്ന കശ്മിര്‍


സൈന്യത്തിനു നേരെ കശ്മിരി ജനതയുടെ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കെ രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കശ്മിരി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തേണ്ടതുണ്ട്. കശ്മിരില്‍ പട്ടാളക്കാര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോളജുകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. അധ്യാപകരും പണിമുടക്കിലാണ്. ഈയൊരവസരത്തില്‍ കശ്മിര്‍ ജനതയുടെ പങ്കപ്പാടുകള്‍ക്ക് നേരെ മുഖം തിരിക്കുന്നതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ കശ്മിരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണവും അഴിച്ചുവിടുന്നത് ക്രൂരമാണ്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കശ്മിരി വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാനാവാത്ത വിധം അക്രമിക്കപ്പെ
ടുന്നത്. ഈ സംസ്ഥാനങ്ങളൊക്കയും ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മിരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്‌നാഥ് സിങ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് പാലിക്കണമെന്നില്ല. ഗോരക്ഷയുടെ പേരില്‍ ദലിതുകളെ കൊല്ലുന്നവര്‍ എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടും സംഘ്പരിവാറുകള്‍ ആക്രമണം നിര്‍ത്തിയില്ല. ഇപ്പോള്‍ വ്യാജ ദേശഭക്തിയുടെ പേരില്‍ കശ്മിരികള്‍ക്ക് നേരെ നടത്തുന്ന അക്രമം രാജ്‌നാഥ് സിങ് പറഞ്ഞാലും അവസാനിപ്പിക്കണമെന്നില്ല. ബി.ജെ.പി ഭരണകൂടങ്ങള്‍ അതിനു മുന്‍കൈ എടുക്കുമെന്ന് തോന്നുന്നില്ല.
കശ്മിരില്‍ സൈനികര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ ആക്രമണം നടത്തുന്നുവെന്നാരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മിരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് സൈന്യത്തിനു നേരെ കല്ലേറുണ്ടാകുന്നുവെന്നാണ് ഇവിടെ പരിശോധിക്കേണ്ടത്. ഒരു യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുന്നില്‍കെട്ടിവച്ച് റോന്ത് ചുറ്റിയ സൈനികര്‍ക്ക് നേരെ കശ്മിര്‍ ജനത പ്രകോപിതരായിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവച്ചുകൊന്നതിനു ശേഷമാണ് കശ്മിര്‍വീണ്ടും സംഘര്‍ഷഭരിതമാകാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മിരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. 7.14 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലുടനീളം ആക്രമണങ്ങളുണ്ടായി. സാധാരണക്കാരും പട്ടാളക്കാരുമടക്കം ഏതാനും പേര്‍ കൊല്ലപ്പെട്ടു.
മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുവാനും അതുവഴി നല്ല ജോലി ലഭിക്കുവാനുമാണ് പുതിയ തലമുറ താല്‍പര്യപ്പെടുന്നത്. കശ്മിരില്‍ നടക്കുന്ന ആഭ്യന്തര കുഴപ്പങ്ങളിലൊന്നും അവര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ സൈന്യത്തിന്റെ നടപടികള്‍ വിദ്യാര്‍ഥികളെയും കല്ലുകള്‍ കൈയിലേന്തുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. സൈന്യത്തിനു നേരെയുള്ള കല്ലേറിനെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ന്യായീകരിച്ചത് പ്രശ്‌നത്തിന്റെ മര്‍മം അറഞ്ഞുകൊണ്ട് മാത്രമായിരിക്കില്ല. തെരഞ്ഞെടുപ്പ് വിജയം കൂടി മുന്നില്‍കണ്ടുകൊണ്ടായിരിക്കണം. കശ്മിര്‍ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫ്രന്‍സോ പി.ഡി.പിയെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല. പ്രശ്‌നങ്ങളെ അതുപോലെ നിലനിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനാണ് ഇവരത്രയും ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി നിരാലംബരായ ജനതക്ക് നേരെ സൈന്യം ബെല്ലറ്റുകള്‍ ഉപയോഗിക്കുന്നു. നിരവധി യുവാക്കളാണ് ഇതുവഴി അംഗവിഹീനരായതും കാഴ്ചശക്തിയില്ലാതെ ആയതും. കശ്മിരിലെ ഈ അവസ്ഥ പാകിസ്താന്‍ ആവും വിധം മുതലെടുക്കുകയും ചെയ്യുന്നുണ്ട്. യുവാക്കള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച് നമ്മുടെ സൈന്യം അതിനു വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു. കശ്മിര്‍ ജനതയെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ബുദ്ധിയാണ് രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും പ്രകടിപ്പിക്കേണ്ടത്. സൈന്യത്തിന്റെ നിരന്തരമായ ആക്രമണത്തിലൂടെ യുവാക്കളുടെ ഭാവിസ്വപ്നമാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന കശ്മിരി യുവത സൈന്യത്തിനുനേരെ കല്ലേറു നടത്തുന്നതില്‍ എന്ത് അത്ഭുതം. അവരുടെ കൈയിലുള്ള ആയുധം അതാണ്. അതുകൊണ്ട് അവര്‍ അവരുടെ അഭിമാനം സംരക്ഷിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് നേരെ സൈന്യം അടിച്ചമര്‍ത്തല്‍ തുടരുന്നിടത്തോളം കശ്മിര്‍ അശാന്തമായിതുടരും. കശ്മിര്‍ ജനത ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കടുത്ത അന്യവല്‍ക്കരണമാണ്. കശ്മിര്‍ മതി, ജനതയെ വേണ്ടെന്ന സൈനിക നിലപാടാണ് ഇതിന്റെ അടിസ്ഥാന കാരണം.
അവസരം മുതലെടുത്ത തീവ്രവാദികളും ഭീകരവാദികളും കശ്മിരില്‍ കലാപത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നു. മഹ്ബൂബ മുഫ്തി സര്‍ക്കാരില്‍ പങ്കാളികളായ ബി.ജെ.പിയുടെ കര്‍ക്കശ നിലപാടുകള്‍ ചര്‍ച്ചയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. അനുരഞ്ജനത്തിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ സമാധാനം കൈവരികയുള്ളൂ. ഇതിനു ആദ്യമായി വേണ്ടത് സൈന്യത്തിനു ചാര്‍ത്തിക്കൊടുത്ത പ്രത്യേക അധികാരം തിരിച്ചെടുക്കുകയാണ്. എല്ലാവിഭാഗങ്ങളുമായും സൗഹാര്‍ദപൂര്‍ണമായ ചര്‍ച്ച ആരംഭിക്കണം. വേണ്ടി വന്നാല്‍ പാകിസ്താനുമായും. കശ്മിര്‍ ജനതയുടെ ഹൃദയം കീഴടക്കാതെ കശ്മിര്‍ കീഴടക്കാനാവില്ലെന്ന് ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.