
നെടുമ്പാശ്ശേരി: ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2015-16) വരുമാനത്തില്‍ കൊച്ചിന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) വന്‍ നേട്ടം കൈവരിക്കാനായി. ഈ കാലയളവില്‍ 524.54 കോടി രൂപയുടെ വരവും നികുതി കഴിച്ച് 175.22 കോടി രൂപയുടെ ലാഭവുമാണ് കമ്പനി നേടിയത്.
മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്റ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വരവ് ചെലവ് കണക്കുകള്‍ക്ക് അംഗീകാരം നല്കി. ഈ വര്‍ഷം 25 ശതമാനം ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ഫൈല്‍ ആര്‍ട്ട്സ് ഹാളില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കുന്നതോടെ ഈ നിരക്കില്‍ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് ലഭ്യമാകും. 36 രാജ്യങ്ങളിലായി 18200 ഓഹരി ഉടമകളാണ് സിയാലില്‍ ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിറ്റ് വരവില്‍ 26.71 ശതമാനവും ലാഭത്തില്‍ 21.19 ശതമാനവുമാണ് സിയാലിന്റ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 77 ലക്ഷത്തിലധികം പേരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാത്ര ചെയ്തത്.
2023 ഓടെ 3000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഊര്ജോല്പാദനം, ബിസിനസ്, വൈവിദ്ധ്യവല്‍ക്കരണം എന്നിവയാണ് വരുമാന വര്‍ധനക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികള്‍.