തൃശൂര്‍: തളിക്കുളത്തെ വീട്ടിലെ ഓഫിസ് മുറി താത്ക്കാലിക പോളിങ് ബൂത്തായി. എം.പി ടി.എന്‍ പ്രതാപനും ഭാര്യ രമയും തദ്ദേശ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പത്തിനാണെങ്കിലും എം.പിയുടെ വോട്ട് നേരത്തെയായി. എം.പി കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴാണ് ക്വാറന്റൈനിലുള്ളവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. ആ സമയത്ത് എടുത്ത ലിസ്റ്റില്‍ എം.പിയുടെയും ഭാര്യ രമയുടേയും പേരുകള്‍ ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ കൊവിഡ് മാറിയ എം.പി പൊതുപരിപാടികളില്‍ പങ്കെടുത്തു തുടങ്ങി. യു.ഡി.എഫ് കുടുംബസമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലുമാണ് പ്രധാനമായും പങ്കെടുക്കുന്നത്.
എന്നാല്‍ ഇന്നലെ ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് താന്‍ സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടറാണെന്ന് എം.പി അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെങ്കിലും ഉദ്യോഗസ്ഥരോട് നീരസം കാണിക്കാതെ എം.പി ഓഫിസ് മുറി പോളിങ് ബൂത്താക്കി മാറ്റാനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കി. എം.പിയും ഭാര്യയും വോട്ട് രേഖപ്പെടുത്തി. സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തേണ്ടി വന്നതിന്റെ നിരാശയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ജില്ലയിലെ പോളിങ് ബൂത്തുകളിലെത്തി യു.ഡി.എഫ് പ്രവര്‍ത്തകരെ കാണാന്‍ കൂടുതല്‍ സമയം ഉപയോഗപ്പെടുത്താന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് എം.പി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പിടിപ്പുകേടിനെ വിമര്‍ശിച്ചാണ് എം.പി ബാലറ്റ് പേപ്പര്‍ കവറിലിട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കില്‍ ഇത്തരം പിടിപ്പുകേട് ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മിഷന്‍ ശ്രദ്ധ ചെലുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments are closed for this post.