
മക്ക: ലോകരാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയതോടെ മക്ക തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. ഇന്നലെ ജുമുഅ നിസ്കാരത്തിന് ഹറമിലും പരിസരങ്ങളിലും വിശ്വാസി സാഗരമായിരുന്നു. എല്ലാ തെരുവുകളും തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞു.
ആയിരങ്ങള്‍ക്ക് റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലുമാണ് നിസ്കരിക്കേണ്ടി വന്നത്. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഹറമില്‍ പ്രവേശിച്ചിരുന്നു. വഴിതെറ്റുന്ന ഹാജിമാര്‍ക്ക് സന്നദ്ധ സേവകരുടെ സേവനം ഏറെ സഹായകമായി. നടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വീല്‍ചെയര്‍ സഹായം, റോഡിലൂടെ നടക്കാന്‍ പ്രയസപ്പെട്ടവര്ക്ക് ചെരിപ്പും കുടിവെള്ളവും ഇവര്‍ വിതരണം ചെയ്തു.
പ്രായം ചെന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലായിരുന്നു ഹറമിലേക്കെത്തിയത്. മക്ക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാര്‍ഥികളും മലയാളി സന്നദ്ധ പ്രവര്‍ത്തകരും തീര്‍ഥാടകരുടെ സേവനത്തിന് മുന്നട്ടിറങ്ങി
.
ഇതുവരെ ഒമ്പത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ആണ് മക്കയിലെത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 89,594 പേരാണ് ഇന്നലെ വരെ സഊദിയിലെത്തിയത്.
318 വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും സര്‍വിസ് നടത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ എല്ലാവരും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 8700 ഓളം തീര്‍ഥാടകരും മക്കയിലുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9,14,822 തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതില്‍ 8,77,500 പേര് വ്യോമമാര്‍ഗവും 25000 പേര് റോഡു മാര്‍ഗവും 10500 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവുമാണ് പുണ്യഭൂമിയില്‍ എത്തിയത്.