2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിശപ്പെന്ന സത്യത്തില്‍ അന്നമാണ് സ്വപ്‌നം

   

നീതു കെ.ആര്‍

 

വിശപ്പാണ് സത്യമെന്നത് ഒരു ലോക തത്വമാണ്. ജീവിതമൂല്യങ്ങളെക്കാളൊക്കെ വലുതാണ് വിശപ്പും ദാരിദ്ര്യവുമെന്ന് മലയാളത്തിലെ പല എഴുത്തുകാരുടെയും സൃഷ്ടികള്‍ പറയുന്നു. വിശപ്പിന്റെ രാഷ്ട്രീയത്തെ ഇവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയും അല്ലാതെയും ആവിഷ്‌കരിച്ചു. കഥാകൃത്തും ചിത്രകാരനും പത്രപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ‘വിശപ്പാണ് സത്യം’ എന്ന അനുഭവക്കുറിപ്പുകള്‍ വിശപ്പിന്റെയും അതിജീവനത്തിന്റെയും വേറിട്ട കഥകള്‍ പങ്കുവയ്ക്കുന്നു. അത്രയേറെ അല്ലലുംഅലട്ടലുമില്ലാത്ത പുതിയ കാലത്തെ ഒരെഴുത്തുകാരന്‍ വിശപ്പിനെപ്പറ്റി എഴുതിയത് ഞെട്ടലോടെയാണ് വായിക്കാനാവുക. ഇത് അദ്ദേഹത്തിന്റെ ജീവിതമാണ്. പൊള്ളിയടരുന്ന അനുഭവങ്ങള്‍ നിറഞ്ഞ ഓര്‍മക്കുറിപ്പുകളാണ്. സാധാരണക്കാരനായൊരു മനുഷ്യന്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ വായനക്കാരന്റേതു കൂടിയാക്കി പകര്‍ത്തി വെക്കുകയാണീ പുസ്തകത്തില്‍.

‘വിശപ്പറിഞ്ഞവര്‍ക്കും വിശപ്പാറ്റിയവര്‍ക്കും’ എന്ന് ആരംഭിക്കുന്ന പുസ്തകം വായനക്കാരന്റെ കണ്ണും മനസ്സും നിറയ്ക്കുന്ന ജീവിതാനുഭവങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. ഗ്രാമത്തിന്റെ സ്‌നേഹവും സൗന്ദര്യവും സംസ്‌കൃതിയും തരുന്ന ഊഷ്മളതയും പൊരിയുന്ന ഗള്‍ഫ് പ്രവാസവും മതപഠനവും മതജീവിതവും എല്ലാം ചേരുന്ന അനുഭവലോകത്തില്‍ നോവും അതിജീവനവും ഇടകലര്‍ന്ന് ഒഴുകുന്നു. എഴുത്തില്‍ വിശപ്പ് മാത്രമല്ല നാം കാണുന്നത്; സ്‌നേഹവും കരുണയും കരുതലും സൗഹൃദവും ചേര്‍ത്തുപിടിക്കലും അങ്ങനെ സകല ജീവിതമൂല്യങ്ങളും കണ്ടെടുത്ത് ആഹ്ലാദത്തോടെ കുറിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. ലോകം ഇത്രയ്ക്കു സുന്ദരവും ജീവിക്കാന്‍ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഇടവുമാണെന്ന് വായനക്കാരനോട് പറയുന്നു.

22 അധ്യായങ്ങളിലായി സ്വജീവിതത്തെ സമഗ്രമായി അടുക്കിപ്പെറുക്കി വരച്ചുവെക്കുന്ന ആഖ്യാനമികവിനാല്‍ പിടിച്ചിരുത്തുന്നുണ്ട് മുഖ്താര്‍. കുട്ടിക്കാലവും വീടും ഗ്രാമവും മാസ്മരികതയോടെ വിവരിക്കുന്നിടത്ത് കഥാകൃത്തും ചിത്രകാരനുമായ ഒരാള്‍ വളരുന്നത് കാണാം. ഭാവനയുണരാന്‍ ചിലമ്പില്‍ക്കുന്നിലെ ഒരു ഇളംകാറ്റു മതിയായിരുന്നു എന്ന ഓര്‍മയില്‍ ഒരുമയോടെ കഴിഞ്ഞ സ്‌നേഹവീടുകളും തലയുയര്‍ത്തുന്നു. വറുതിയുടെ, വിശപ്പിന്റെ കുട്ടിക്കാലവും യൗവനും തീക്ഷ്ണമായി അനുഭവിപ്പിക്കുമ്പോള്‍ വേദനയോടൊപ്പം ഒരുപാട് മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ചാണ് എഴുതുന്നത്. പച്ചവെള്ളം നിര്‍ലോഭം തന്ന പടച്ചവനും അന്നം ഊട്ടിയ സ്‌നേഹ മനസ്സുകള്‍ക്കും നന്ദി പറയുന്നു. ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കുന്ന മനുഷ്യരെ ഇവിടെ നാം കാണുന്നു.
കോഴിക്കോട്ടങ്ങാടിയില്‍ ചാക്കുതുന്നി ജീവിക്കുന്ന മനുഷ്യന്റെ മറച്ചുകെട്ടിയ ഒറ്റമുറിവീട്ടില്‍ നിലത്തു പായവിരിച്ചു നിരത്തിയ നോമ്പുതുറ വിഭവങ്ങളുടെ സ്വാദിനേക്കാള്‍ വലുതായി മറ്റൊന്നുമുണ്ടാവില്ല. റഹീംക്കയുടെയും ഭാര്യ സുലുത്തയുടെയും സ്‌നേഹനിറവിലെ ‘നാസ്ത’ എന്ന ഭാഗത്ത് അവസാനം എഴുതുന്നു: ”രണ്ടു ദിവസമായി കാര്യമായൊന്നും കഴിക്കാതിരുന്ന എനിക്ക് ആ ഒരുനേരത്തെ ഭക്ഷണം അത്ര നിസ്സാരമായിരുന്നില്ല. എന്റെ നോമ്പുതുറയായിരുന്നു അത്.”

വിശന്നുവലഞ്ഞ് ഒരിക്കല്‍ പണംകൊടുക്കാതെ ഹോട്ടലില്‍നിന്നും ആഹാരം കഴിച്ച് രക്ഷപ്പെട്ടശേഷം പണം ഉണ്ടായപ്പോള്‍ ആ കടം വീട്ടാന്‍ ചെന്നപ്പോള്‍ ഹോട്ടലുടമ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ”നീ പൈസ തരാതെ പോകുന്നത് ഞാന്‍ കണ്ടിരുന്നു. ഭക്ഷണം കഴിച്ചിട്ട് പൈസ തരാതെ പോകുന്നവരൊന്നും കള്ളന്മാരായിരിക്കില്ല, ഇല്ലാഞ്ഞിട്ടായിരിക്കും. ഗതിയില്ലാത്തവന് ഒരുനേരത്തെ ഭക്ഷണം കൊടുക്കാനായല്ലോ എന്ന സന്തോഷമാണ് അപ്പോള്‍ എനിക്കുണ്ടായത്. എപ്പോ വേണമെങ്കിലും ഇവിടെ വന്ന് ഭക്ഷണം കഴിച്ചോ… പൈസക്കാര്യത്തില്‍ ബേജാറ് വേണ്ട.”

നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചും അവരുടെ ദയാവായ്പിനെപ്പറ്റിയും വാചാലമാവുകയാണ് ഗ്രന്ഥകാരന്‍. ബാലന്‍സ് തിരികെ നല്‍കാന്‍ മാത്രം കിലോമീറ്ററുകള്‍ ഓടിച്ചു മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവര്‍, ഓട്ടോയില്‍ മറന്നുപോയ ലാപ്‌ടോപ് തിരികെ എത്തിച്ച ഓട്ടോക്കാരന്‍, വാക്കു പാലിക്കാനുള്ളതാണെന്ന് പഠിപ്പിച്ചുതരുന്ന അബുസ്സഅദ്, സ്‌നേഹനിധിയായ സലാംക്ക അങ്ങനെ നിരവധി കാമ്പുള്ള കഥാപാത്രങ്ങള്‍. വിദ്വേഷമോ വെറുപ്പോ ഒന്നും ഈ ഓര്‍മക്കുറിപ്പില്‍ കാണില്ല. തെളിമയുള്ള മനുഷ്യരുടെ ലോകമാണ് ‘വിശപ്പാണ് സത്യം’ എന്ന പുസ്തകം.

ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച പ്രവാസക്കാലവും പ്രതിസന്ധികളുടേത് തന്നെയായിരുന്നു. അവിടെയും ചേര്‍ത്തുപിടിച്ച പച്ചമനുഷ്യരോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്ന അധ്യായങ്ങള്‍ പുസ്തകത്തിലുണ്ട്. ജീവിക്കാന്‍ വേണ്ടി തന്നാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് പ്രതിസന്ധികളെ തരണംചെയ്യാന്‍ കാണിച്ച ആര്‍ജവത്തിന്റെ ഒരേടാണ് ‘ആനമയിലൊട്ടകം’ എന്ന കുറിപ്പ്. ഇവയ്‌ക്കെല്ലാം സമാന്തരമായി കുട്ടിക്കാലത്തിന്റെ നൈര്‍മല്യങ്ങള്‍, പെരുന്നാള്‍ ഓണം ആഘോഷങ്ങള്‍, യത്തീംഖാന പഠനകാലം എല്ലാം ഹൃദ്യമായി പകരുന്നുണ്ട്.

കൈയൊതുക്കമുള്ള ആഖ്യാന സവിശേഷത കൊണ്ടും ഹൃദയം വിങ്ങുന്ന ഓര്‍മകള്‍ കൊണ്ടും വായനക്കാരനെ ചേര്‍ത്തുപിടിക്കുന്ന താളുകളാണ് ഈ പുസ്തകം. ‘വിശപ്പിനോളം വലിയ സത്യമില്ല. ഭക്ഷണത്തേക്കാള്‍ വലിയ സ്വപ്‌നവും’. കറുത്ത പുറത്തില്‍ വെളുത്ത ലിപികളില്‍ തെളിയുന്ന ലോകത്തിന്റെ ആത്യന്തികമായ ഈ സത്യം പറഞ്ഞുകൊണ്ടാണ് മുഖ്താര്‍ ഉദരംപൊയിലിന്റെ അനുഭവമെഴുത്ത് അവസാനിക്കുന്നത്. ബുക്കഫെ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 200 രൂപയാണ് വില.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.