
തൊടുപുഴ: വിശന്നു വലയുന്നവര്‍ ഇല്ലാത്ത തൊടുപുഴ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം പദ്ധതി തൊടുപുഴയില്‍ ആരംഭിച്ചു.
തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന് കമ്മീഷന് ജോയിന്റ് കമ്മീഷണറും മുന്‍ ഇടുക്കി ജില്ലാ കലക്ടറുമായ കെ. ജീവന് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ എച്. ദിനേശന് അദ്ധ്യക്ഷത വഹിച്ചു.ജില്ലയുടെ മറ്റു മേഖലകളിലേക്കും അന്നപൂര്‍ണം പദ്ധതി കടന്നു ചെന്ന് വിശപ്പ് രഹിത ഇടുക്കി ആയി മാറുമെന്നും കേരളം കണ്ട മാനുഷിക മുഖമുള്ള ഏറ്റവും വലിയ പദ്ധതിയാവട്ടെ ഇതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജീവന് ബാബു പറഞ്ഞു. സിനിമാ താരം ഭാമ ആദ്യ കൂപ്പണ്‍ വിതരണം ചെയ്തു.കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതി വിവിധ ഘട്ടങ്ങളിലായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ഉദ്ദേശം.കേരള സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പൊലിസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്നത്. തൊടുപുഴയിലെ 3 പ്രധാന പൊലിസ് എയ്ഡ് പോസ്റ്റുകളായ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ്, തൊടുപുഴ പൊലിസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിലുള്ള മൈമൂണ്‍ ഹോട്ടല്‍, മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പ്രതിഭ ഹോട്ടല്‍, മങ്ങാട്ടുകവല മുഗള്‍ ഹോട്ടല്‍ എന്നീ ഹോട്ടലുകളിലേതെങ്കിലുമൊന്നില് സൗജന്യമായി ഊണുകഴിക്കാം.