
‘വിശപ്പ് ‘എന്ന ശീര്‍ഷകത്തില്‍ ശ്രീകുമാര്‍ ചേര്‍ത്തല എഴുതിയ കവിത (ലക്കം 190) വര്‍ത്തമാനകാല ഗതിവിഗതികളിലേക്കു വെളിച്ചം വീശുന്നു. ചരിത്രത്തില്‍നിന്നു നുള്ളിയെടുത്ത ബിംബങ്ങള്‍ ഇന്നിന്റെ നാഗരികന് പ്രാകൃതനായി മാറുന്നതിന്റെ മുഴുവന്‍ മൃഗീയതയും വരച്ചിടുന്നു.
വിശക്കുന്നവനെ ഊട്ടുന്നതിന്നു പകരം കള്ളനാക്കി തല്ലി കൊല്ലുന്ന രംഗം കവി ഭംഗിയായി ചിത്രീകരിക്കുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമാണ് ആദിവാസിയായിരുന്ന മധു കൊല്ലപ്പെട്ടത്. മനുഷ്യനാണ് ഈ ക്രൂരതകള്‍ക്കു കൂട്ടുനിന്നത് എന്നതാണു നടുക്കുന്ന സത്യം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന് മുസ്ലിമല്ലെന്ന് അരുളിയ നബി തിരുമേനിയെ ഓര്‍ത്തുപോകുന്നു. വിശപ്പ് എന്ന മഹാനരകത്തില്‍ എറിഞ്ഞു പരീക്ഷണവിധേയനായ ശേഷമാണു മനുഷ്യന് ദൈവത്തിനു കീഴടങ്ങിയത്.
മാനവമൂല്യങ്ങള്‍ തേടിപ്പിടിക്കാനുള്ള ത്വര ഈ കവിത സമ്മാനിക്കുന്നു. മനുഷ്യനെ മുഴുവന്‍ ലോകത്ത് ഒരുമിച്ചുനിറുത്തുന്ന ഒരേയൊരു വികാരം വിശപ്പാണ്. വിശന്നു പൊരിയുന്ന മനുഷ്യന്റെ നേര്‍ചിത്രങ്ങള്‍ കവിത വിളക്കിയെടുക്കുന്നു. പ്രകൃതിസൗന്ദര്യങ്ങളുടെ മധ്യത്തില്‍ സംഭവിക്കുന്ന ദീനവിലാപങ്ങളുടെ കണ്ണുനീര് തുള്ളിയാണ് ഈ കവിത. ജോര്‍ജ് തോംസണ്‍ എഴുതിയ പോലെ ഒരു രാഗവിസ്താരത്തിലേക്ക് കടക്കുകയും അവിടെ അവസാനിക്കുകയും ചെയ്യുന്നു ഈ കവിത. നന്ദി കവിക്കും ‘ഞായര്പ്രഭാത’ത്തിനും.