2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവാഹച്ചടങ്ങിനെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

 

ശ്രീനഗര്‍: ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ജമ്മുകശ്മിരിലെ ഷോപ്പിയാനിലെ കുല്‍ഗാമില്‍ വിവാഹച്ചടങ്ങിനെത്തിയ രജപുത്ര റൈഫിള്‍സിലെ ലഫ്റ്റനന്റ് ഉമര്‍ ഫയാസാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സൈന്യവും പൊലിസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്. നേരത്തെ കുല്‍ഗാം ജില്ലയില്‍ നിയമിതനായിരുന്ന ഈ യുവ സൈനിക ഉദ്യോഗസ്ഥനെ അടുത്തിടെയാണ് ജമ്മുവിലെ അഖ്‌നൂരിലേക്ക് സ്ഥലം മാറ്റിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഉമറിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ വികൃതമാക്കിയത് കടുത്ത പ്രതിഷേധത്തിനണ്യാക്കിയിരുന്നു. സൈനികന്‍ ഉമര്‍ ഫയാസിനെ വധിച്ച നടപടി ഭീരുത്വമാണെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.