
തിരുവനന്തപുരം: ഇംഗ്ലിഷിലെ വാക്പ്രയോഗം സൃഷ്ടിച്ച വിവാദത്തിനിടയിലും ആവേശം ചോരാതെ പ്രചാരണ പരിപാടികളുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് താന്‍ എത്തിയത് മുതല്‍ ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളുമാണെന്ന് തരൂര്‍ പറഞ്ഞു. കുറ്റപ്പെടുത്താന്‍ മറ്റൊന്നുമില്ലാത്തതിനാല്‍ വ്യക്തിപരമായി അവഹേളിക്കാനും വര്‍ഗീയവാദിയായി ചിത്രീകരിക്കാനും ഇടതുപക്ഷവും കൂടെ ബി.ജെ.പിയും ശ്രമിക്കുന്നതായും എല്‍.ഡി.എഫും ബി.ജെ.പിയും നുണപ്രചാരണം നടത്തുമ്പോള്‍ താന്‍ സത്യം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ശശി തരൂര്‍ ഇന്നലെ കരുംകുളത്ത് മത്സ്യത്തൊഴിലാളികള്‍ നല്കിയ സ്വീകരണത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള പണം പുതിയതുറയിലെയും കരുംകുളത്തെയും മത്സ്യത്തൊഴിലാളികളായ സ്ത്രീകളാണു നല്‍കിയത്. ഇന്നലെ രാവിലെ രാവിലെ ഒന്‍പതിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുന്നുകുഴി ജങ്ഷനില്‍ നിന്നാരംഭിച്ച പര്യടനം കണ്ണമ്മൂല, മുളവന ജങ്ഷന്, ഗൗരീശപട്ടം, നന്ദന്‍കോട്, പ്ലാമൂട്, പട്ടം, കേശവദാസപുരം, നാലാഞ്ചിറ എന്നിവിടങ്ങളില്‍ വോട്ടുതേടി പേരൂര്‍ക്കടയില്‍ അവസാനിച്ചു.