
ന്യൂഡല്‍ഹി: രാജ്യത്തു വിവരാവകാശ കമ്മിഷനിലും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപണം. നരേന്ദ്രമോദിയെക്കുറിച്ച് പുസ്തകങ്ങളെഴുതിയ മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി അനുഭാവിയുമായ ഉദയ് മഹൂര്‍ക്കറിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള നീക്കത്തെ എതിര്‍ത്തും ചോദ്യം ചെയ്തും കോണ്‍ഗ്രസ് രംഗത്തെത്തി.
ഏതാനും മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മുഖ്യ വിവരാവകാശ കമ്മിഷണര്‍ തസ്തികയിലേക്ക് റിട്ട. ഐ.എഫ്.എസ് ഓഫിസര്‍ യശ് വര്ധന് കുമാര്‍ സിന്‍ഹയെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ് കമ്മിഷണറെ തീരുമാനിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് യോഗത്തില്‍ പങ്കെടുത്ത ആദിര്‍ രഞ്ജന്‍ ചൗധരിയുടെ ശക്തമായ വിയോജിപ്പ് അവഗണിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. നിലവിലുള്ള അംഗങ്ങളുടെ സീനിയോറിറ്റി മറികടന്നാണ് സിന്‍ഹയെ നിയമിക്കുന്നത്. അദ്ദേഹത്തിന് 2023വരെ കാലാവധിയുണ്ടാകും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവിറങ്ങുമെന്നാണ് വിവരം.
ഇതിനു പുറമേയാണ് ഉദയ് മഹൂര്‍ക്കറിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനും ഒരുങ്ങുന്നത്. ഇദ്ദേഹം, ഇതിലേക്ക് അപേക്ഷ നല്കുകപോലും ചെയ്തിട്ടില്ലെന്നാണ് വിവരം. മഹൂര്‍ക്കര്‍ ബി.ജെ.പിയുടെ അടുപ്പക്കാരനാണെന്നും അദ്ദേഹത്തെ ബി.ജെ.പി കെട്ടിയിറക്കിയതാണെന്നും ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിട്ടുണ്ട്. പി.എം കെയേഴ്സുമായി ബന്ധപ്പെട്ടടക്കം നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിന് കേന്ദ്രസര്‍ക്കാരിന് വിവരാവകാശ കമ്മിഷന് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.