2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവരവും വിവരക്കേടും; ഒരു പോസ്റ്റ് മോഡേണ്‍ തിയറി

ഉണ്ണി വി.ജെ.നായര്‍ 9895840997

രാഷ്ട്രീയക്കാര്‍ക്കു വിവരവും വിദ്യാഭ്യാസവും വേണമെന്ന് ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ല. പലരുടെയും അത്താണിയായ രാഷ്ട്രീയത്തില്‍ അവരവര്‍ കണ്ടുപിടിച്ച നിയമങ്ങളും വ്യാഖ്യാനങ്ങളുമാണുള്ളത്. രാഷ്ട്രീയത്തില്‍ എന്തുമാവാമെന്നതാണ് ആ കണ്ടുപിടുത്തം. സദാചാരത്തിനും നെറിക്കും സ്ഥാനമില്ല. വിവരക്കേടിനാകട്ടെ ഉളുപ്പും പുളുപ്പുമില്ല.

എസ്.എസ്.എല്‍.സിയും ഗുസ്തിയുമില്ലാത്തവര്‍പോലും രാഷ്ട്രീയത്തില്‍ അസാധാരണമല്ല. വിവരക്കേടെന്ന ഒറ്റ ബിരുദത്തിന്റെ ബലത്തില്‍ നിയമസഭയിലെത്തിയവരും മന്ത്രിയായവരും ധാരാളം. വിവരമുണ്ടാവാന്‍ വിദ്യാഭ്യാസം വേണമെന്ന തിയറി രാഷ്ട്രീയത്തില്‍ ഒട്ടുംവേണ്ട. അങ്ങനെ ആഗ്രഹിക്കുന്നതുതന്നെ തെറ്റെന്നാണു രാഷ്ട്രീയകൃഷിക്കാരായ ചിലരുടെ കാഴ്ച്ചപ്പാട്. അതു തെളിച്ചവരും കുറവല്ല.

വിവരവും വിദ്യാഭ്യാസവുമുണ്ടായിട്ടും വിവരക്കേടു കാണിക്കുന്നവരും രാഷ്ട്രീയത്തില്‍ വളരെയുണ്ട്. ചില ബുദ്ധിജീവികളുടെയും ആഢ്യഗുണശേഖരന്മാരുടെയുമിടയില്‍ കണ്ടുവരുന്ന സൂക്കേടാണിത്. വിവരമുള്ളവനെന്നു നടിക്കുന്നവര്‍ ചെയ്യുന്ന ഈ പ്രക്രിയയ്ക്കു പൊളിറ്റിക്കല്‍ കന്നംതിരിവെന്നു പൊതുവേ പറയാം. എന്നാല്‍, വിവരക്കേടിനു ‘നാക്കുപിഴ’ എന്നു പറയുന്ന വലിയവിവരക്കേടിനെ എന്തുപേരിട്ടു വിളിക്കും..
അടുത്തിടെ കൊഴിഞ്ഞുവീണ മന്ത്രിസഭയില്‍ തിരുവഞ്ചൂരാന്‍ യഥാര്‍ഥ നാക്കുപിഴയുടെ ഇരയായിരുന്നു. അതിനു പലരും നാക്കുവടിയ്ക്കാത്ത കുറ്റമെന്നാണു വിധിച്ചത്. എല്ലാം ശരിയാക്കുന്ന പിണറായി സഭയില്‍ തിരുവഞ്ചൂരാനെ കടത്തിവെട്ടി ‘കായികാഭ്യാസി’യായ (നിയമസഭാചരിത്രം അധ്യായം മൂന്ന്..മാണി ബജറ്റ്..കസേരകളി) മന്ത്രിക്കു പറ്റിയതു നാക്കുപിഴയോ അതോ വിവരക്കേടോ..

എന്തും ചര്‍ച്ചയാക്കുന്ന ചാനലുകാര്‍ ഇതത്ര ചര്‍ച്ചയാക്കിയില്ല. അതേസമയം, സമൂഹ(ദ്രോഹ) മാധ്യമക്കാര്‍ കടിച്ചുകീറുകയും ചെയ്തു. ലോകബോക്‌സിങ് താരം മുഹമ്മദലിയെക്കുറിച്ചു കണ്ണൂരുകാരനായ മന്ത്രിക്കു ജ്ഞാനമില്ലാത്തതില്‍ അത്ഭുതമില്ല. പുള്ളിയുടെ പണ്ടത്തെ കവലപ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരമുണ്ട്. വിപ്ലവം പഠിക്കുന്ന തിരക്കില്‍ തറ..പറ പഠിക്കാന്‍ സമയം കിട്ടിയില്ല…പാവം..! തലവളര്‍ന്നപ്പോള്‍ കണ്ടുപഠിച്ചതാവട്ടെ ബോംബും കത്തിയും.

ഒരു കാര്യത്തില്‍ മന്ത്രിയ്ക്ക് ആശ്വസിക്കാം. പ്രതിപക്ഷത്തെ ‘എനിമി’യായ മറ്റൊരു തോറ്റമ്പിയ കണ്ണൂരുകാരനും മന്ത്രിക്കു കൂട്ടുണ്ട്. വിവരക്കേടില്‍ പുള്ളിയും കാലനാണ്. അഞ്ജു ബോബി ജോര്‍ജ് മറ്റാരുടേയോ ഭാര്യയെന്നാണു പുള്ളി തട്ടിവിട്ടത്. അതും നാക്കുപിഴ..!! കായികമന്ത്രിക്ക് അത്യാവശ്യം കായികബലവും എല്ലില്ലാത്ത നാക്കും മതിയെന്നു പണ്ടു തിരുവഞ്ചൂരാന്‍ തെളിയിച്ചതാണ്. (ഇവരൊക്കെ വിദ്യാഭ്യാസ മന്ത്രിമാരാവാത്തതു ജനങ്ങളുടെ ഭാഗ്യം.)

നാക്കുചൊറിഞ്ഞു നിന്നപ്പോള്‍ ഏതാണ്ടു പറഞ്ഞു പുലിവാലായ ജയരാജ കായികനിപ്പോള്‍ സുവിശേഷക്രിയയിലാണ്. അറിയാത്ത കാര്യങ്ങളെക്കുറിച്ചു പ്രതികരിച്ച് ഇനിയും പുലിവാലു പിടിക്കാനില്ലെന്നു കക്ഷി കുമ്പസാരവും നടത്തി. ഷൊര്‍ണൂരിലൊരു ഇടഞ്ഞ എം.എല്‍.എ പൊലിസിനെതിരേ വിവരക്കേടു തട്ടിവിട്ടതു വൈകി വിവരംവന്ന പുള്ളിക്ക് അത്ര പിടിച്ചില്ല. രാഷ്ര്ടീയക്കാര്‍ക്കു വിനയം വേണം… ജനങ്ങളോടു വിനയത്തോടെ പെരുമാറാന്‍ കഴിയണം…എന്നിങ്ങനെ സ്‌തോത്രം ചൊല്ലി കക്ഷി വിവരകുബേരനായി..!!!

തുടര്‍ന്ന് ബംഗളൂരുവില്‍നിന്നു ലോങ്ജമ്പും ഹൈജമ്പും ചാടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കടന്നുകൂടിയ ചങ്ങനാശേരിക്കാരി അഞ്ജു ബോബി ജോര്‍ജിനെ എടുത്തുകുടഞ്ഞു. കായികന്റെ ഗര്‍ജനം കേട്ട് ഉള്ളുതകര്‍ന്ന അഞ്ജു മുഖ്യനോടു പരിതപിക്കാന്‍ ചെന്നപ്പോള്‍ ആട്ടിയിറക്കുന്നതു കണ്ടതായും കേട്ടതായും ഗൗനിക്കാതെ കായികനു പിന്തുണനല്‍കി.

കൗണ്‍സിലിലെ അഴിമതികള്‍ തുറന്നുകാട്ടിയും താനടക്കമുള്ളവര്‍ക്കെതിരേ വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും കത്തു പുറത്തിറക്കി മഹതി ട്രിപ്പിള്‍ജമ്പ് ചാടി. വിവരംവച്ച കായികന്റടുത്താണു കളി..! നാക്കുപിഴയുള്ള തിരുവഞ്ചൂരും കൂട്ടരുമാണു കായികകേരളത്തിന് അഭിമാനമായ ഏറ്റവും വലിയ ചാട്ടക്കാരിയായ മഹതിയെ കൗണ്‍സിലില്‍ കുടിയിരുത്തിയത്. ബംഗളൂരുവില്‍നിന്നു കേരളത്തിലേയ്ക്കു കൂടെക്കൂടെ ചാടിയാല്‍ മതിയെന്നായിരുന്നു ചട്ടം.

കേരളത്തിലേക്കു ചാടാന്‍ കഴിയില്ലെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ലത്രെ. ചാടാന്‍തോന്നുമ്പോള്‍ വരാനായി വിമാനടിക്കറ്റ് നല്‍കിയതോടെയാണു മഹതി സമ്മതിച്ചത്. പുതിയ കായികന്‍ പൊറുക്കുമോ ഈ അഹമ്മതി. ഇന്ത്യന്‍ കായികചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കരഗതമാക്കിയ മഹതി ചുവപ്പല്ലാത്തതാണു കായികനെ ചൊടിപ്പിച്ചതെന്നാണു ദോഷം മാത്രം കാണുന്നവരുടെ കമന്റ്. കായികനു വിവരം വന്നാല്‍ ഇങ്ങനെയിരിക്കും..!!!!

വാലറ്റം: വിശിഷ്ഠപദവി കാത്തിരുന്നു തുരുമ്പായ കേരള കാസ്‌ട്രോ ഒടുവില്‍ മലമ്പുഴക്കാരുടെ പരാതിയെത്തുടര്‍ന്നു തിരോന്തരത്ത് പരാതിപരിഹാര ഓഫീസ് തുടങ്ങി.

പ്രശ്‌നപരിഹാരം കൊതിക്കുന്ന മലമ്പുഴയിലെ നിര്‍ഭാഗ്യവാന്മാര്‍ ഇനി കാസ്‌ട്രോയെ തിരോന്തരത്തുവന്നു കൂപ്പിടണം. കാസ്‌ട്രോയെന്നാല്‍ നിതാന്ത വിശ്രമമെന്നാണു പാര്‍ട്ടി ശബ്ദതാരാവലിയില്‍ അര്‍ഥവും അനര്‍ഥവും…!!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.