
ഹരിപ്പാട്: വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയ ശേഷം പലിശ ഇടപാടിന്റെ രേഖകള്‍ പ്രതികള്‍ അപഹരിച്ചതായി പൊലിസ് കണ്ടെത്തി. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന് (75) കൊല്ലപ്പെട്ട കേസിലെ അന്വേഷത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
രാജന്റെ വീട്ടില്‍ ആദ്യഭാര്യ ശാന്തമ്മ മാത്രമാണുള്ളത്. ഇവരെ കബളിപ്പിച്ചാണ്, പലിശയ്ക്ക് പണം നല്കിയ ശേഷം ഈടായി രാജന് വാങ്ങിയിരുന്ന ചെക്കും രേഖകളും പ്രതികള്‍ അപഹരിച്ചതെന്ന് പൊലിസ് പറയുന്നു.
പലിശയ്ക്ക് കൊടുക്കുന്നതിന്റെ ഇരട്ടിത്തുക എഴുതിയ ചെക്ക് ഇടപാടുകാരില്‍ നിന്ന് വാങ്ങുന്നതായിരുന്നു രാജന്റെ പതിവ്. കിടപ്പുമുറിയില്‍ സ്യൂട്ട്കേസിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ ഈ സ്യൂട്ട്കേസിന്റെ പൂട്ട് പൊളിച്ചാണ് രേഖകള്‍ അപഹരിച്ചതെന്ന് പൊലിസ് പറയുന്നു. രാജേഷിലൂടെയാണ് രാജന് പലര്‍ക്കായി പലിശയ്ക്ക് പണം കൊടുത്തിരുന്നത്. മൂന്നാം പ്രതി വിഷ്ണുവിന്റെ വീട് രാജന്റെ തൊട്ടുമുന്നിലാണ്. ഇതിനാല്‍ പ്രതികള്‍ക്ക് രാജന്റെ വീട്ടില്‍ നല്ല സ്വാതന്ത്ര്യമായിരുന്നു.
ഇതുപയോഗപ്പെടുത്തിയാണ് കൊലപാതകത്തിനുശേഷം പ്രതികള്‍ രാജന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ആര്‍ക്കെല്ലാം പണം നല്‍കിയിട്ടുണ്ടെന്നും പലിശ വാങ്ങേണ്ട ദിവസവുമെല്ലാം കൃത്യമായി എഴുതി സൂക്ഷിക്കുന്ന ശീലം രാജനുണ്ടായിരുന്നു.
ഈ ബുക്കും ചെക്കുകളുമെല്ലാം നഷ്ടമായ സാഹചര്യത്തില്‍ എത്ര രൂപയാണ് രാജന് പലിശയ്ക്ക് കൊടുത്തിരിക്കുന്നതെന്നതില് വ്യക്തതയില്ല. ഏപ്രില്‍ 10ന് ഉച്ചയോടാണ് പ്രതികള്‍ രാജനെ കാറില്‍ കയറ്റിക്കൊണ്ടുപോയത്.
ഒന്നാംപ്രതി ശ്രീകാന്ത് കൊടുക്കാനുള്ള രണ്ടുലക്ഷം രൂപയും പലിശയും കൊടുത്തുതീര്‍ക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. നേരത്തെ ശ്രീകാന്ത് നല്കിയ ചെക്കും രാജന് കൈയിലെടുത്തിരുന്നു. കാര്‍ യാത്രക്കിടെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഈ ചെക്കും രാജന്റെ മൊബൈല്‍ ഫോണും ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും പ്രതികള്‍ അപഹരിച്ചു. മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് വഴിയില്‍ എറിഞ്ഞുകളഞ്ഞെന്നാണ് മൊഴി.
മൊബൈല്‍ പിന്നീട്, കത്തിച്ചതായും പറയുന്നു. രാജന്റെ കൈയില്‍നിന്ന് 50,000 രൂപമാത്രമാണ് വാങ്ങിയതെന്നാണ് രണ്ടാം പ്രതി രാജേഷ് പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൊബൈല്‍ ഫോണുകളുടെ അനുബന്ധ ഉപകരണങ്ങളുടെ വിതരണക്കാരനായ രാജേഷ്, അടുത്തിടെ ലക്ഷങ്ങള്‍ ചെലവാക്കി കാര്‍ വാങ്ങി. വീട് മോടിപിടിപ്പിച്ചു.
രാജന്റെ കൈയില്‍നിന്ന് വാങ്ങിയ പണമാണ് ഇതിനെല്ലാം വിനിയോഗിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.