
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ സൈനിക വിമാനം കണ്ടെത്താന്‍ സുപ്രധാന വിവരങ്ങള്‍ തെരച്ചില്‍ സംഘത്തിനു നല്‍കുന്നത് രണ്ടു മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലെ(ഇന്‍കോയ്സ്) സയന്റിസ്റ്റുകളായ ഡോ. ആര്.ഹരികുമാര്‍, ടി.എം. ബാലകൃഷ്ണന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇന്ത്യന്‍ നേവിയേയും എയര്‍ഫോഴ്സിനേയും കോസ്റ്റ് ഗാര്‍ഡിനെയും സഹായിക്കുന്നത്.
കടലില്‍ കാണാതാകുന്ന ഏതൊരു വസ്തുവിനെയും കണ്ടെത്താന്‍ ഇവരുടെ സഹായമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും എയര്‍ഫോഴ്സും അഞ്ചുദിവസമായി ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നത്, ഇവര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
കടലിന്റെ നീരൊഴുക്കും(ഓഷ്യന്‍ സര്‍ഫേസ് കറന്റ്) ആഴവും തിട്ടപ്പെടുത്തി, മറൈന്‍ കാലാവസ്ഥയും വിലയിരുത്തിയാണ് കംപ്യൂട്ടറിന്റെ സഹായത്തോടെ വിവരങ്ങള്‍ തയാറാക്കുന്നതെന്ന് ഇന്കോയ്സിലെ ശാസ്ത്രജ്ഞര്‍ ‘സുപ്രഭാത’ത്തോടു പറഞ്ഞു. വിമാനം അപ്രത്യക്ഷമായ സമയം മുതലുള്ള എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കടലില്‍ എവിടെ ആയിരിക്കും അപകടം സംഭവിച്ചതെന്ന സാധ്യതാ വിലയിരുത്തല്‍ ഇന്‍കോയ്സ് നടത്തുന്നത്.
ഏകദേശം കൃത്യമായ വിവരങ്ങളും മാപ്പും ദിശയും അടങ്ങുന്ന ബുള്ളറ്റിന് നേവിക്കും കോസ്റ്റ് ഗാര്‍ഡിനും എയര്‍ഫോഴ്സിനും നല്‍കും. ഓരോ ആറുമണിക്കൂറിലും ഇത്തരം ബുള്ളറ്റിനുകള്‍ ഇന്‍കോയ്സ് നല്‍കുന്നുണ്ട്. ഇതുവരെ 12 ബുള്ളറ്റിനുകള്‍ നല്‍കിയിട്ടുണ്ട്.
കടലിന്റെ 3500 മീറ്റര്‍ ആഴത്തില്‍ വരെ തെരച്ചില്‍ നടത്തുന്നതിനു നിര്‍ദേശിച്ചുള്ള ബുള്ളറ്റിന് നല്‍കിക്കഴിഞ്ഞെന്നും അധികൃതര്‍ പറയുന്നു. ബുള്ളറ്റിനുകള്‍ പി.ഡി.എഫ് ഫയല്‍ ആയി സൈനിക ആസ്ഥാനത്തേക്ക് മെയില്‍ ചെയ്യുകയാണ്. ത്രികോണാകൃതിയിലുള്ള മാപ്പിങില്‍ കടലില്‍ മുങ്ങിപ്പോയ വസ്തുവിന്റെ ഏകദേശ ദിശ കണക്കാക്കിയിട്ടുണ്ടാകും. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേകാഭ്യര്ഥന പ്രകാരമാണ് ഇന്‍കോയ്സ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
വിമാനം എവിടെവച്ചാണ് റഡാറിന്റെ സിഗ്നലില്‍ നിന്ന് അപ്രത്യക്ഷമായതെന്ന നിഗമനം മാത്രമേ ചെന്നൈ എയര്‍ഫോഴ്സ് അധികൃതര്‍ക്കുള്ളൂ. ഈ വിവരം മാത്രമാണ് ഇന്കോയ്സിന് എയര്‍ഫോഴ്സ് കൈമാറിയിട്ടുള്ളൂ.
ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായതിനാല്‍ കടലില്‍ തന്നെ തകര്‍ന്നു വീണിട്ടുണ്ടാകാമെന്നാണ് അനുമാനം. മറ്റു സാധ്യതകള്‍ക്കു പ്രസക്തിയില്ലാത്തതു കൊണ്ടാണ് ഇന്‍കോയ്സിന്റെ സഹായം സൈന്യം തേടിയത്. 17 കപ്പലുകളും മുങ്ങിക്കപ്പലും 18 വിമാനങ്ങളും ഇന്‍കോയ്സ് നല്‍കിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ 280 കിലോമീറ്ററിനും 300 കിലോമീറ്ററിനും ഇടയില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 22നാണ് ചെന്നൈ താംബരം വ്യോമതാവളത്തില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിലേക്കു പോയ എന്‍.എന്‍-32(അന്റോണോവ്-32) എന്ന വ്യോമസേനാ വിമാനം കാണാതായത്.
രാവിലെ 8.30ന് പറന്നുയര്‍ന്ന വിമാനം 10 മിനുട്ടിനു ശേഷം അവസാന സന്ദേശം നല്കി. 8.46ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ചെന്നൈയ്ക്കു കിഴക്ക് 280 കിലോമീറ്റര്‍ ഉള്ളില്‍ വച്ചാണ് വിമാനം അപ്രത്യക്ഷമായത്. അപ്പോള്‍ വിമാനം 23,000 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നുള്ള വിവരമാണ് വ്യോമതാവളം അധികൃതര്‍ ഇന്കോയ്സിനു നല്‍കിയിരിക്കുന്നത്.