ജിദ്ദ: സഊദി ദേശീയ എണ്ണ കമ്പനിയായ അറാംകോയുടെ വിപണി മൂല്യം 12.7 ശതമാനം തോതിൽ വർധിച്ചു.കമ്പനിയുടെ വിപണി മൂല്യത്തിൽ 810 ബില്യൺ റിയാലിന്റെ നേട്ടമാണുണ്ടായത്. കഴിഞ്ഞ ഡിസംബറിലാണ് സഊദി അറാംകോ ഓഹരികൾ സഊദി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സഊദി അറാംകോയുടെ വിപണി മൂല്യം 7.21 ട്രില്യൺ റിയാലാണ്. സഊദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ കമ്പനി വിപണി മൂല്യം 6.4 ട്രില്യൺ റിയാലായിരുന്നു.
ലോകത്ത് ഓഹരി വിപണികളിൽ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം സഊദി അറാംകോ വീണ്ടെടുത്തു. എണ്ണ വില കൂപ്പുകുത്തിയപ്പോൾ സഊദി അറാംകോക്ക് ഈ സ്ഥാനം നഷ്ടപ്പെടുകയും അമേരിക്കയിലെ ആപ്പിൾ കമ്പനി ഒന്നാമതെത്തുകയും ചെയ്തിരുന്നു. ആപ്പിൾ കമ്പനിയുടെ ആകെ വിപണി മൂല്യം 1.9 ട്രില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ സഊദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ലോകത്ത് ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനിയെന്ന പദവി അറാംകോക്കായിരുന്നു. അറാംകോ ഓഹരി ഐ.പി.ഒ നിരക്കായ 32 റിയാൽ പ്രകാരം അന്ന് കമ്പനിയുടെ വിപണി മൂല്യം 1.7 ട്രില്യൺ ഡോളറായിരുന്നു. ആദ്യ സെഷനിൽ തന്നെ കമ്പനി ഓഹരി മൂല്യം 35.2 റിയാലായി ഉയർന്നു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 1.88 ട്രില്യൺ ഡോളറായി. അറാംകോ ഓഹരി വില 38 റിയാലായി ഉയർന്ന ഡിസംബർ 16 ന് കമ്പനിയുടെ വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളറിലേറെയായി ഉയർന്നിരുന്നു.
Comments are closed for this post.