ന്യൂഡല്‍ഹി: 1986ല്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായ് തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം പാണ്ഡെ 1991ല്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധിപറയാന്‍ കാരണമായത് ഒരു കുരങ്ങന്റെ സാന്നിധ്യമാണെന്ന് പറയുന്നു. വിധി പറയുന്ന അന്ന് മുഴുവന്‍ കുരങ്ങന്‍ കോടതിയുടെ മേല്‍ക്കൂരയ്ക്കു മുകളില്‍ കൊടിമരത്തില്‍പ്പിടിച്ചിരിപ്പായത്രെ. വിധി കേള്‍ക്കാനെത്തിയവര്‍ കുരങ്ങന് പഴങ്ങള്‍ എറിഞ്ഞു കൊടുത്തെങ്കിലും അത് ഒന്നും കഴിച്ചില്ല. ഇത് ഹനുമാന്‍ രാമന് വേണ്ടി വക്കാലത്ത് പറയാന്‍ എത്തിയതാണെന്ന ഞാന്‍ കരുതിയെന്ന് പാണ്ഡെ എഴുതുന്നു.
‘വൈകിട്ട് 4.40ന് ഞാന്‍ പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കാന്‍ വിധി പറഞ്ഞതോടെ കുരങ്ങന്‍ അപ്രത്യക്ഷമായി. വൈകീട്ട് ജില്ലാ കലക്ടര്‍ക്കും എസ്.എസ്.പിയ്ക്കുമൊപ്പം വീട്ടിലെത്തിയപ്പോള്‍ അതെ കുരങ്ങന്‍ തന്റെ വീടിന്റെ വരാന്തയിലിരിക്കുന്നു. ഞാന്‍ കുരങ്ങനെ അഭിവാദ്യം ചെയ്തു. അത് അത്ഭുതശക്തിയുള്ള കുരങ്ങായിരുന്നു. രാമന് അനുകൂലമായി വിധി പറഞ്ഞ തന്നെ അനുഗ്രഹിക്കാനാണ് ഹനുമാന്‍ വേഷം മാറിയെത്തിയത്’പാണ്ഡെ എഴുതി.
പാണ്ഡെയുടെ ഉത്തരവിനെക്കുറിച്ച് മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവു തന്റെ അയോധ്യയെക്കുറിച്ചുള്ള പുസ്തകത്തില്‍ എഴുതുന്നുണ്ട്. വിധി മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നാണ് റാവു പറയുന്നത്. പാണ്ഡെ വിധി പറയുന്നതിന് മുന്‍പ് തന്നെ പള്ളിയുടെ പൂട്ടു തുറക്കുന്നത് കാണാന്‍ ആയിരങ്ങള്‍ അയോധ്യയില്‍ തടിച്ചു കൂടിയിരുന്നു. പൂട്ടു തുറക്കുമ്പോള്‍ പള്ളിക്കുള്ളില്‍ ദൂരദര്‍ശന്‍ കാമറാമാന്‍ എല്ലാം പകര്‍ത്താന്‍ തയാറായി നില്‍പുണ്ടായിരുന്നുവെന്നും റാവു രേഖപ്പെടുത്തി.
Comments are closed for this post.