
ജലീൽ അരൂക്കുറ്റി
ആലപ്പുഴ
സ്കൂളുകളിൽ സമയക്രമീകരണം നടത്തിയതിനു പിന്നാലെ കുട്ടികളെകൊണ്ട് സൂര്യനമസ്കാരം ചെയ്യിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. മകരസംക്രാന്തി ദിനമായ ഇന്നലെ ഓൺലൈൻ വഴി സൂര്യനമസ്കാരം കുട്ടികളെ പരിശീലിപ്പിക്കാനും പ്രാധാന്യം ബോധ്യപ്പെടുത്തി ദിവസവും യോഗയുടെ ഭാഗമായി ചെയ്യാനുമാണ് വിദ്യാഭ്യാസ ഡയരക്ടർ രാകേഷ് സിംഗാൾ ഇറക്കിയ സർക്കുലറിൽ പറയുന്നത്. അധ്യാപകരും ആയുഷ് വകുപ്പ് ജീവനക്കാരും യോഗയുടെ ഭാഗമായി സൂര്യനമസ്കാരം ചെയ്യണമെന്നും സർക്കുലർ നിർദേശിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ ഉത്തരവു പ്രകാരം ആസാദിക അമൃത് മഹോത്സവ് കാംപയിനിൻ്റെ ഭാഗമായാണ് നടപടി.
വിദ്യാർഥികൾ ആയുഷ് മന്ത്രാലയത്തിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയത് യോഗാ രീതികൾ സംബന്ധിച്ച വിവരങ്ങൾ മനസിലാക്കണം. സ്കൂൾ പി.ടി.എയും എസ്.എം.സികളും വിളിച്ചുചേർത്ത് സൂര്യനമസ്കാരത്തിൻ്റെ ആരോഗ്യപരമായ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശമുണ്ട്.
വെള്ളിയാഴ്ചയിലെ അവധി ഒഴിവാക്കുകയും സ്കൂൾ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് രക്ഷാകർത്താക്കൾ നടത്തുന്ന പ്രതിഷേധം അധികൃതർ ഇന്നലെയും അവഗണിച്ചു. വിദ്യാർഥികളെ വെള്ളിയാഴ്ച സ്കൂളിൽ അയക്കാത്ത രക്ഷിതാക്കളോട് വിശദീകരണം ചോദിച്ച് പ്രധാനാധ്യാപകർ കത്ത് നൽകി. ഇതിനു മറുപടി നൽകേണ്ടെന്ന തീരുമാനത്തിലാണ് രക്ഷിതാക്കൾ. അതിനിടെ, കിൽത്താനിലെ പ്രധാനാധ്യാപകർ മദ്റസാ സമയം മാറ്റണമെന്നാവശ്യപ്പെട്ട് മദ്റസാ പ്രസിഡൻ്റുമാർക്കും ഖാസിമാർക്കും കത്ത് നൽകിയിട്ടുണ്ട്.