
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പറിയിച്ച് തമിഴ്നാട് സര്‍ക്കാര്‍. വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ പാഠ്യപദ്ധതി കൊണ്ടുവന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രി പുനഃപരിശോധിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
പുതിയ വിദ്യാഭ്യാസ നയത്തിലെ ഈ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, അതാതു സംസ്ഥാനങ്ങള്‍ക്കു സ്വന്തം നയം തീരുമാനിക്കാനും നടപ്പാക്കാനും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ വിദ്യാഭ്യാസ നയമാണ് വര്‍ഷങ്ങളായി തമിഴ്നാട്ടിലുള്ളത്. നിലവില്‍ ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇംഗ്ലീഷിനും മാതൃഭാഷയ്ക്കുമൊപ്പം ഹിന്ദികൂടി ഉള്‍പ്പെടുന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ പാഠ്യപദ്ധതി. എന്നാല്‍, ഹിന്ദിയെ ദേശീയാടിസ്ഥാനത്തില്‍ നിര്‍ബന്ധ ഭാഷയാക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നാണ് തമിഴ്നാടിന്റെ ആരോപണം.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിര്‍ബന്ധമായി ഹിന്ദി പഠനവിഷയമാക്കണമെന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന്റെ കരട് വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ അന്ന് അത് തിരുത്തുകയായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയത്തിലും ത്രിഭാഷാ പഠനമാണ് കൊണ്ടുവന്നിരുന്നത്.
വിദ്യാഭ്യാസ നയം പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍, കേന്ദ്രം ഒരു സംസ്ഥാനത്തും ഒരു ഭാഷയും നിര്‍ബന്ധമാക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഹിന്ദിയും സംസ്കൃതവും അടിച്ചേല്പിക്കാനുള്ള നീക്കത്തിനെതിരേ സമാനമനസ്കരുമായി ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കുമെന്നു കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലില്‍ വ്യക്തമാക്കിയിരുന്നു.