2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിദേശ സംഭാവന നിയമത്തിലെ കേന്ദ്ര ഭേദഗതി ‘സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും’

സംഘടനകളുടെ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്താനാണ് ഭേദഗതിയെന്നും സുപ്രിംകോടതി
ന്യൂഡല്‍ഹി: വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെ കേന്ദ്ര ഭേദഗതി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സുപ്രിംകോടതി. ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ഭേദഗതിയെന്നും കോടതി നിരീക്ഷിച്ചു.
ഭേദഗതി തിടുക്കത്തില്‍ കൊണ്ടുവന്നതല്ലെന്നും നിയമം തയാറാക്കി 10 വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുത്തിയതെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനകള്‍ വിദേശ ഫണ്ടുകള്‍ സ്വീകരിച്ച് അനുബന്ധ സംഘടനകള്‍ക്ക് കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എസ്.ബി.ഐ അക്കൗണ്ട് വഴി മാത്രമേ വിദേശ സംഭാവന സ്വീകരിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയെ അദ്ദേഹം ന്യായീകരിച്ചു. എല്ലാത്തിനും രാജ്യസുരക്ഷയുടെ ഒഴികഴിവ് പറയാന്‍ പറ്റില്ലെന്ന പെഗാസസ് കേസിലെ കോടതി പരാമര്‍ശം ഉന്നയിച്ചാണ് ഹരജിക്കാരിലൊരാള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചത്. വിദൂര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എങ്ങനെ ഡല്‍ഹിയില്‍ അക്കൗണ്ട് തുടങ്ങാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കൈകാര്യം ചെയ്യാനാവില്ലേയെന്ന കോടതിയുടെ മറുചോദ്യത്തിന്, എല്ലാവരും സാങ്കേതിക വൈദഗ്ധ്യമുള്ളവരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.