2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വിദേശ വിദഗ്ധസംഘം മുല്ലപ്പെരിയാര്‍ പരിശോധിക്കട്ടെ


മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിനുശേഷം പത്രക്കാരുമായി നടത്തിയ സംസാരത്തിനിടയില്‍ നടത്തിയ പരാമര്‍ശത്തോടെയാണ് അതുണ്ടായത്. മുല്ലപ്പെരിയാര്‍ വിഷയത്തിനു ചര്‍ച്ചകളിലൂടെയാണു പരിഹാരംകാണേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. പക്വതയുള്ളൊരു ഭരണാധികാരിയുടെ നിലപാടെന്ന നിലയ്ക്കു കണ്ടാല്‍ മതി മുഖ്യമന്ത്രിയുടെ വാക്കുകളെ.

കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പിണറായി വിജയന്റെ അഭിപ്രായത്തില്‍ കയറിപ്പിടിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വതന്ത്രവിദഗ്ധര്‍ സുരക്ഷാവശം പരിശോധിച്ചു കഴിഞ്ഞാല്‍ ജലനിരപ്പുയര്‍ത്താമെന്നു സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കേരളം താല്‍പ്പര്യം പ്രകടിപ്പിച്ചതിന്റെയും 7.85 കോടി ചെലവാക്കി തന്റെ സര്‍ക്കാര്‍ ഡാം ബലപ്പെടുത്തല്‍പ്രവൃത്തി പൂര്‍ത്തിയാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ജലനിരപ്പുയര്‍ത്താന്‍ കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേഗത്തില്‍ ലഭ്യമാക്കണമെന്നാണ് ജയലളിത ആവശ്യപ്പെട്ടത്.

തമിഴ്‌നാടിനെയും കേരളത്തെയും ശത്രുക്കളാക്കി മാറ്റിയ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി പ്രശ്‌നസങ്കീര്‍ണമായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതുനിമിഷവും ഡാം പൊട്ടുമെന്നു കേരളവുംഅടുത്തകാലത്തു ഡാമിനൊന്നും സംഭവിക്കുകയില്ലെന്നു തമിഴ്‌നാടും വാദപ്രതിവാദം നടത്താന്‍തുടങ്ങിയിട്ടു കാലമേറെയായി. തര്‍ക്കങ്ങളും വിദഗ്ധപരിശോധനകളും കോടതിയിടപെടലുകളും മുറയ്ക്കു നടക്കുന്നുവെന്നല്ലാതെ ശാശ്വതമായ പരിഹാരംകണ്ടെത്തുന്നതില്‍ ഇരുസര്‍ക്കാറുകളും കേന്ദ്രവും പരാജയപ്പെട്ടിരിക്കുകയാണ്.

1887 നും 1895 നുമിടയിലാണു മുല്ലപ്പെരിയാര്‍ അണക്കെട്ടുനിര്‍മിക്കുന്നത്. ഇന്നത്തെപ്പോലെ സിമന്റുപയോഗിച്ചല്ല ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന സുര്‍ക്കിയെന്ന മിശ്രിതമുപയോഗിച്ചാണു നിര്‍മാണം. അത്യാധുനികരീതിയില്‍ നിര്‍മിക്കപ്പെടുന്ന അണക്കെട്ടുകള്‍ക്കുപോലും വിദഗ്ധര്‍ 50 വര്‍ഷത്തെ ആയുസ്സാണു പറയുന്നത്. 100 വര്‍ഷം പ്രായമുള്ള ഡാമുകള്‍ ലോകത്തൊരിടത്തുമില്ല. ഓസ്‌ട്രേലിയയിലെ വിക്ടോറിയ ഡാം അവിടത്തെ ജനങ്ങളുടെ സുരക്ഷയെയോര്‍ത്തു സര്‍ക്കാര്‍ പൊളിച്ചുമാറ്റി. മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയെക്കുറിച്ച് ഇതിനകം നിരവധി ശാസ്ത്രീയപഠനങ്ങള്‍ നടന്നതാണ്. 1979 ലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് അണക്കെട്ടില്‍ വിള്ളലും ചോര്‍ച്ചയുമുണ്ടായി. എന്നിട്ടും ഡാം നിലനില്‍ക്കുന്നതു നിര്‍മാണത്തിലെ വൈദഗ്ധ്യംകൊണ്ടുതന്നെയായിരിക്കണം.

1979 മുതല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷസംബന്ധിച്ചുണ്ടായ സുപ്രിംകോടതി വിധികളെല്ലാം തമിഴ്‌നാട് നിലപാടിനെ സാധൂകരിക്കുന്നതാണ്. നമ്മുടെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികങ്ങള്‍ പറ്റുന്നതിനാലും നിയോഗിക്കപ്പെടുന്ന വക്കീല്‍മാരുടെ കാര്യക്ഷമതയില്ലായ്മ മൂലവുമാണ് കേസുകളില്‍ കേരളം തോല്‍ക്കുന്നതെന്നാണു നമ്മുടെ പരാതി. കേരളത്തിന്റെ ആവശ്യങ്ങളും അപേക്ഷകളും മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട മേല്‍നോട്ടസമിതി നിരന്തരം നിരാകരിക്കുന്നുവെന്നായിരുന്നു മറ്റൊരു പരാതി. മേല്‍നോട്ട സമിതി ചെയര്‍മാന്‍ തമിഴ്‌നാട്ടുകാരനായത് ഇതിനു ദൃഷ്ടാന്തവുമായി.

ദുരന്തമുണ്ടായാല്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും ജീവഹാനിസംഭവിക്കുമെന്നും നാലുജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് വാര്‍ത്ത വന്നിരുന്നു. മുല്ലപ്പെരിയാറിനെയോര്‍ത്ത് ഉറക്കംവരുന്നില്ലെന്ന് അന്നത്തെ ജലസേചനമന്ത്രി പി.ജെ ജോസഫ് പരിതപിക്കുകയും ചെയ്തു. അതെല്ലാം കഴിഞ്ഞിട്ടും എത്രയോ വെള്ളം മുല്ലപ്പെരിയാറിലൂടെ ഒഴുകിപ്പോയി. തമിഴ്‌നാടിന്റെ ഉത്സാഹത്തില്‍ 142 അടിവരെ ജലനിരപ്പുയര്‍ത്തുകയും ചെയ്തു. എന്നിട്ടും അപകടമൊന്നും സംഭവിച്ചില്ലെന്നതു യാഥാര്‍ഥ്യമാണ്.

യാഥാര്‍ഥ്യമെന്തായാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് അന്തമില്ലാത്തപ്രശ്‌നമായി തുടരുവാന്‍ പാടില്ല. അണക്കെട്ടിനു ബലമുണ്ടോ ബലക്ഷയമുണ്ടോയെന്നു നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണു പറയപ്പെടുന്നത്. എന്നാല്‍, നിഷ്പക്ഷനായ മധ്യസ്ഥനാകാന്‍ കേന്ദ്രസര്‍ക്കാറിനു കഴിയും. ഇരുസംസ്ഥാനങ്ങളിലെയും നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ചചെയ്താല്‍ തീരാവുന്ന പ്രശ്‌നമാണെങ്കില്‍ ആ വഴിക്കു നീങ്ങണം. അതിനുമുന്‍പ് വേണ്ടത് തികച്ചും നിഷ്പക്ഷരായ വിദഗ്ധരെക്കൊണ്ട് അണക്കെട്ടിന്റെ ബലത്തെക്കുറിച്ചു പഠനം നടത്തിക്കുകയാണ്.

ഇന്ത്യയിലെ എന്‍ജിനീയര്‍മാര്‍ പക്ഷം പിടിക്കുമെന്നാണല്ലോ പരാതി. വിദേശത്തുനിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശോധനയാവാമല്ലോ. കേന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തിലായിരിക്കണം പരിശോധന. അപ്പോള്‍മാത്രമേ ഇതിനൊരു അന്തിമപരിഹാരമുണ്ടാകൂ. ജസ്റ്റിസ് കെ.ടി തോമസിനെപ്പോലുള്ള നിയമവിദഗ്ധരോ രാഷ്ട്രീയനേതാക്കളോ അല്ല മുല്ലപ്പെരിയാര്‍ ഡാമിന്റെ ആയുസ്സിനെക്കുറിച്ചു തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അത്തരമൊരു വിദഗ്ധസംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, മറ്റുപിടിവാശികളില്ലാതെ തീരുമാനമെടുക്കണം. അണക്കെട്ടു ശക്തമാണെന്നാണു കണ്ടെത്തലെങ്കില്‍ തമിഴ്‌നാടു പറയുമ്പോലെ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളം തയാറാകണം. അണക്കെട്ടിനു ബലക്ഷയമുണ്ടെങ്കില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തോടു സഹകരിക്കാന്‍ തമിഴ്‌നാടും തയാറാകണം. തമിഴ്‌നാടിന്റെ കൂടി പങ്കാളിത്തത്തോടെയായിരിക്കണം ഡാം നിര്‍മാണം.

കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു കുടിവെള്ളം എന്ന പഴയ നിലപാടില്‍ത്തന്നെയാണല്ലോ കേരളം ഇപ്പോഴുമുള്ളത്. കേരളത്തിനാവശ്യമായ പച്ചക്കറികള്‍ തമിഴ്‌നാട്ടിലാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നതിനാല്‍ തമിഴ്‌നാടിനെ നിര്‍മാണപങ്കാളിയാക്കേണ്ടതുണ്ട്. അങ്ങിനെവരുമ്പോള്‍ ഭാവിയില്‍ അവകാശത്തര്‍ക്കങ്ങളോ വിവാദങ്ങളോ ഉണ്ടാവുകയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.