2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ ഉംറ തീർഥാടകരുടെ വരവ്: എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സഊദി

  • തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ 
  • ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു
  • ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമെന്ന് ഹറംകാര്യ വകുപ്പ് 

നിസാ൪ കലയത്ത്

ജിദ്ദ: ഞായറാഴ്ച മുതൽ വിദേശ തീർത്ഥാടകർ ഉംറക്ക് എത്താൻ ഇരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സഊദി. മാസങ്ങളുടെ ഇടവേളക്കൊടുവിലാണ് മൂന്നാം ഘട്ട ഉംറ സർവീസിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സഊദിയിൽ എത്തുക.
അതേ സമയം വിദേശ ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ആഴ്ചതോറും പതിനായിരം വീതം ഉംറ തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്ന് മക്കയിലെത്തും. തീർത്ഥാടകർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ഉംറ തീർത്ഥാടനം പുനഃസ്ഥാപിക്കുന്നതിന്‍റെ മൂന്നാം ഘട്ടത്തിൽ, നവംബർ ഒന്ന് മുതൽ പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യുവാനും, 60,000 പേർക്ക് മക്കയിലെ ഹറം പള്ളിയിൽ നമസ്കരിക്കുവാനും അനുമതി നൽകും. എന്നാൽ ഓരോ ആഴ്ചയിലും പതിനായിരം തീർത്ഥാടകർ മാത്രാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുക. ഏതെല്ലാം രാജ്യങ്ങളിൽ നിന്നുളളവരാണ് ആദ്യ ഘട്ടത്തിൽ എത്തുക എന്നത് ഇപ്പോൾ വ്യക്തമല്ല.

വിദേശ തീർത്ഥാടകരിൽ 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കൂ. തീർത്ഥാടകർക്ക് മക്കയിലും മദീനയിലും താമസിക്കുന്നതിനുള്ള ഹോട്ടൽ റിസർവേഷൻ, തിരിച്ച് പോകുന്നതിനുള്ള വിമാന ടിക്കറ്റുൾപ്പെടെയുള്ള യാത്ര വിവരങ്ങൾ, ജനന തിയതി ഉൾപ്പെടെയുള്ള പാസ്‍പോർട്ട് വിവരങ്ങൾ, സഊദിയിലെത്തുന്ന തീർത്ഥാടകർക്ക് ആദ്യ മൂന്ന് ദിവസം മൂന്ന് നേരത്തെ ഭക്ഷണമുൾപ്പെടെ ക്വാറന്‍റൈനിൽ കഴിയുവാനുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉംറ കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ പുറത്ത് വിട്ട മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
ഇതിനു പുറമേ കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ട് തീർഥാടകർ നൽകണം. സഊദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്കുള്ള സാമ്പിൾ ശേഖരിക്കേണ്ടത്.
‘ഇഅ്തമർനാ’ ആപിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവി സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനുമുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം.
തീർത്ഥാടകരെ 50 പേർ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കുകയും, ഓരോ ഗ്രൂപ്പിനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഗൈഡിനെ നിയമിക്കുകയും ചെയ്യും.
അതേ സമയം പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണെന്നും ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ‘
ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ സഊദി ഏറ്റവും വലിയ മുൻഗണന നൽകുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. തീർഥാടകർക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഹജ്, ഉംറ മന്ത്രാലയം പ്രവർത്തിക്കും. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോകോളുകളും പരിഗണിച്ചുള്ള അംഗീകൃത പദ്ധതിക്ക് അനുസൃതമായി വിദേശ തീർഥാടകർക്ക് ആവശ്യമായ സീറ്റുകൾ ലഭ്യമാക്കുന്നതിന് ദേശീയ വിമാന കമ്പനിയായ സഊദിയയുമായി ഏകോപനം നടത്തിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.