അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഞായറാഴ്ച മുതല്‍ ഉംറ നിര്‍വഹിക്കാനാകും. കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉംറ തീര്‍ത്ഥാടനം നേരത്തെ പുനഃരാരംഭിച്ചെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ അനുവദിച്ചിരുന്നില്ല. ഈ മാസം നാലിനാണ് ആഭ്യന്തര തീര്‍ത്ഥാടകരെ അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രതിവാരം വിദേശ രാജ്യങ്ങളില്‍ നിന്നും പതിനായിരം ഉംറ തീര്‍ത്ഥാടകരെയായിരിക്കും അനുവദിക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. കൊവിഡ് നെഗറ്റീവാണെന്ന പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട് കൈവശംവയ്ക്കണം. തീര്‍ത്ഥാടകര്‍ വരുന്ന രാജ്യങ്ങളിലെ സഊദി സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ കൈവശപ്പെടുത്തിയ ടെസ്റ്റ് റിസല്‍ട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനുള്ള ടിക്കറ്റും കൈവശം വയ്ക്കണം.
ഉംറ തീര്‍ത്ഥാടനം, ഇരു ഹറം സന്ദര്‍ശനം, റൗദ സന്ദര്‍ശനം എന്നിവക്ക് ഉംറ ആപ് വഴി ബുക്ക് ചെയ്യണം. ഓരോ തീര്‍ത്ഥാടകന്റെയും ഉംറ സേവന പാക്കേജില്‍ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം, വിമാനത്താവളങ്ങളില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള ഗതാഗതം, സമഗ്രമായ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉള്‍പ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ 50 പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെ നിയമിക്കും. കരാര്‍ ചെയ്ത സേവന പാക്കേജുകള്‍ നല്‍കാന്‍ സഊദി ഏജന്റിനെ ബാധ്യസ്ഥനാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments are closed for this post.