
ന്യൂഡല്‍ഹി: രാജ്യത്ത് വിദേശസര്‍വകലാശാലയുടെ കടന്നുവരവിന് അനുമതി നല്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് 17ല്‍ പത്തു സംസ്ഥാനങ്ങളും അനുകൂലം. ബി.ജെ.പി ഭരണത്തിലുള്ള ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മുകശ്മീര്‍, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളാണ് പുതിയ വിദ്യാഭ്യാസനയത്തിനു പിന്തുണ നല്‍കുന്നത്. സി.പി.എം ഭരണത്തിലുള്ള ത്രിപുര, എ.എ.പി ഭരിക്കുന്ന ഡല്‍ഹി, കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, അസം, ചത്തിസ്ഗഡ്, ചാണ്ഡിഗഡ്, ഒഡീഷ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളായ ആന്തമാന്‍ നിക്കോബാറും പോണ്ടിച്ചേരിയും നയത്തെ അനുകൂലിക്കുന്നു.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആലോചനയിലുണ്ടായിരുന്ന ഈ നയത്തെ ബി.ജെ.പിയും ഇടതുകക്ഷികളും ശക്തമായി എതിര്‍ത്തിരുന്നതിനാലാണ് അന്ന് ബില്ല് പാസ്സാവാതിരുന്നത്. പുതിയ നയത്തിലെ 33 വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. അഭിപ്രായങ്ങള്‍ അറിയിച്ച 17 സംസ്ഥാനങ്ങളില്‍ പത്തും വിദേശസര്‍വകലാശാലകളെ സ്വാഗതംചെയ്യുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്. സംസ്ഥാനങ്ങള്‍ക്കു സമര്‍പ്പിച്ച ചോദ്യങ്ങളില്‍ പ്രധാനമായും വിദ്യാഭ്യാസത്തെ ‘രാജ്യാന്തരവല്കരിക്കുന്നതി’നോടുള്ള സമീപനത്തെക്കുറിച്ചായിരുന്നു. 10 സംസ്ഥാനങ്ങളും വ്യവസ്ഥകളോടെ ‘അതേ’ എന്നാണ് മറുപടി നല്‍കിയത്.
വിദേശ യൂനിവേഴ്സിറ്റികള്‍ക്ക് ഇന്ത്യയില്‍ കാംപസുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്കുന്ന ബില്ല് കപില്‍ സിബല്‍ മാനവവിഭശേഷി വകുപ്പ് മന്ത്രിയായിരിക്കെ 2103ലാണ് മന്മോഹന് സിങ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ‘ഫോറിന് എജ്യുക്കേഷനല്‍ ഇന്സ്റ്റിറ്റിയൂഷന് ബില്ല്’ പ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ സെന്ററുകള്‍ ആരംഭിക്കാം. കോഴ്സ് നടത്തി ബിരുദങ്ങള്‍ നല്കാന് അനുമതിയും ഇതുപ്രകാരം നല്‍കുന്നുണ്ട്. എട്ടുമാസം നീണ്ടുനില്‍ക്കുന്ന രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി യു.ജി.സിയുടെയോ മറ്റുവിദ്യാഭ്യാസ ഏജന്‍സികളുടെയോ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ കാംപസുകള്‍ സ്ഥാപിക്കാന്‍ കഴിയൂ എന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഠനനിലവാരവും അക്കാദമിക് സൗകര്യങ്ങളും ഉയര്‍ത്താന്‍ വിദേശ സര്‍വകലാശാലകളുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ഇന്ത്യയില്‍ വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായം. എന്നാല്‍, ബില്ലിനെതിരേ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ശക്തമായി രംഗത്തുവന്നതോടെ രണ്ടാം യു.പി.എസര്‍ക്കാരിന് ബില്ല് പാസ്സാക്കാന്‍ കഴിഞ്ഞില്ല.
എതിര്‍പ്പു കാരണം യു.പി.എ സര്‍ക്കാരിനു മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാതിരുന്ന ബില്ല് കഴിഞ്ഞവര്‍ഷം നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു വീണ്ടും സജീവമാക്കുകയായിരുന്നു. പിന്നീട് ഈ വിഷയത്തില്‍ മാനവിഭവശേഷി മന്ത്രാലയം ഗ്രാമപ്പഞ്ചായത്ത്-ബ്ലോക്-ജില്ലാതലത്തില്‍ ആളുകളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് പുതിയ വിദ്യാഭ്യാസനയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രാഹ്മണ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് പരിശോധിച്ചത്.
അംഗീകാരമുള്ള സര്‍വകലാശാലകള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇന്ത്യയില്‍ കേന്ദ്രം തുറയ്ക്കാനുള്ള അനുമതി നല്‍കാവൂവെന്ന് ഹരിയാനയും പഞ്ചാബും നിര്‍ദേശിച്ചു. പ്രശസ്തവും അക്കാദമിക് മേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതുമായ വിദേശസര്‍വകലാശാലകള്‍ക്ക് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നുമുള്ള നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ടുവച്ചു.