2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശത്ത് പഠിക്കാം നേരിട്ട് ചേരാതെ

കെ.എ സലിം
ന്യൂഡൽഹി
ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ നേരിട്ട് ചേരാതെ പഠിക്കാം. ഇതിനായി രാജ്യത്തെ സർവകലാശാലകൾക്ക് വിദേശ സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുമതിനൽകാൻ യു.ജി.സി തീരുമാനിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ വിദ്യാർഥിക്ക് കോഴ്‌സിന്റെ നിശ്ചിത ശതമാനം തങ്ങൾ പഠിക്കുന്ന സർവകലാശാലയുമായി സഹകരിക്കുന്ന വിദേശ സർവകലാശാലയിൽ നിന്ന് പൂർത്തിയാക്കാം.
ഇതിനായി വിദ്യാർഥികൾക്ക് വിദേശത്ത് പോകാം. അതുപോലെ വിദേശ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഇന്ത്യയിലെത്തിയും പഠിക്കാം.

യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വിദ്യാർഥികൾക്ക് നേരിട്ട് വിദേശ സർവകലാശാലകളിൽ ചേരാതെ തന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജഗദേഷ് കുമാർ പറഞ്ഞു.
ട്വിന്നിങ് പ്രോഗ്രാമുകൾ, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ അനുമതിയുള്ളത്. ട്വിന്നിങ് പ്രോഗ്രാമുകളിൽ വിദേശത്ത് പഠിച്ച കോഴ്‌സിന്റെ ക്രെഡിറ്റിന് ഇന്ത്യൻ സർവകലാശാല സർട്ടിഫിക്കറ്റ് നൽകും. സംയുക്ത ബിരുദം നൽകുന്ന സ്ഥാപനങ്ങൾ ഇരുസർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടിരിക്കണം.

അവരുടെ കോഴ്‌സ് ക്രെഡിറ്റിന്റെ 30 ശതമാനത്തിലധികം വിദേശ സ്ഥാപനത്തിൽ പൂർത്തിയാക്കണം. ഇരട്ട ബിരുദക്കാർക്കും 30 ശതമാനത്തിലധികം വിദേശപഠനമെന്ന വ്യവസ്ഥ ബാധകമാണ്. നാഷണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ മിനിമം സ്‌കോറായ 3.01 ലഭിച്ചതോ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ സർവകലാശാലാ വിഭാഗത്തിൽ ആദ്യ 100 റാങ്കിൽ ഇടംപിടിച്ചതോ ആയ ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് അനുമതി നൽകുക.
ഓൺലൈൻ, വിദൂരപഠന കോഴ്‌സുകൾ ചെയ്യുന്നവർക്ക് ഇതിന് അനുമതി ലഭിക്കില്ല. ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ വിദേശ സ്ഥാപനങ്ങൾക്ക് യോഗ്യത ലഭിക്കുന്നതിന് ടൈംസ് ഹയർ എജ്യുക്കേഷൻ, ക്യു.എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങ് എന്നിവയിൽ ലോകത്തിലെ മികച്ച 1,000 പട്ടികയിൽ ഇടംപിടിക്കണം.

   

നിലവിൽ നാലുകോടി വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതെന്ന് ജഗദേഷ് കുമാർ പറഞ്ഞു. പുതിയ തീരുമാനം ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താനും അതുവഴി ഉയർന്ന വിദ്യാഭ്യാസം നൽകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.