ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം • സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം വഴിയുള്ള ഡിഗ്രി, പി.ജി. പ്രവേശനത്തിന് സർക്കാർ ഇന്ന് ഉത്തരവിറക്കിയേക്കും. ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാലയിലെ കോഴ്സുകളിലെ പ്രവേശനത്തിന് യു.ജി.സി അംഗീകാരം നൽകിയില്ലെങ്കിൽ മാത്രം സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം വഴിയുള്ള പ്രവേശനം നടത്തിയാൽ മതിയെന്ന സർക്കാർ ഉത്തരവിനെതിരെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യു.ജി.സി അംഗീകാരം ഓപൺ സർവകലാശാലയിലെ കോഴ്സുകൾക്കുണ്ടെങ്കിൽ തെളിവുകൾ ഈ മാസം 23ന് ഹയർ എജ്യുക്കേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹിയറിങ്ങിൽ ഹാജരാക്കണമെന്ന് കോടതി നിർദശിച്ചിരുന്നുവെങ്കിലും ഓപൺ സർവകലാശാലയിലെ കോഴ്സുകളിലെ പ്രവേശനത്തിന് യു.ജി.സി അംഗീകാരത്തിന്റെ രേഖ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26 നുള്ളിൽ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് സർക്കാരിന് ഉത്തരവിറക്കേണ്ടിവരും. കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം വഴി പ്രവേശനത്തിനുള്ള സർക്കാർ വിജ്ഞാപനത്തിനു കാത്തിരിക്കുകയാണ്. ഓപൺ സർവകലാശാലയിലെ കോഴ്സുകൾക്ക് യു.ജി.സി ഈ അധ്യയന വർഷം അംഗീകാരം നൽകിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചപ്പോൾ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരമുണ്ടെന്ന് ഓപൺ സർവകലാശാലയുടെ വക്കീൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
Comments are closed for this post.