ഹൃദയത്തിന്റെ ഭാഷയില്‍ കണ്ണൂര്‍ പ്രതിഭകള്‍ക്കു വിട പറയാനൊരുങ്ങുകയാണ്. നാളത്തെ പകല്‍ കഴിഞ്ഞാല്‍ ഒരാഴ്ച നഗരം നെഞ്ചേറ്റിയ കലാമാമാങ്കത്തിന് തിരശ്ശീല. പതിനാല് ജില്ലകളില്‍നിന്ന് പന്ത്രണ്ടായിരത്തോളം കലാപ്രതിഭകളാണ് കഴിവുകള്‍ മാറ്റുരക്കാന്‍ കണ്ണൂരിലേക്ക് വണ്ടി കയറിയത്. ചിലര്‍ മിന്നുന്ന പ്രകടനം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിലുണ്ണികളായി. മറ്റു ചിലര്‍ പ്രതിഭാകരുത്തില്‍ പലകാരണത്താലും ഓടിയെത്താനാവാതെ പാതിയില്‍ വീണു.
മറ്റൊരു കൂട്ടര്‍ പരിമിതമായ സാഹചര്യങ്ങള്‍ക്കിടയിലും വീറോടെ പോരാടി. എന്നാല്‍, ഒരാള്‍ പോലും കണ്ണൂരിലെ കലാസ്വാദകരെ അണുവിടപോലും നിരാശരാക്കിയില്ല. പകരം ആഹ്ലാദത്തിന്റെ പുതിയ അനുഭവതലങ്ങള്‍ സമ്മാനിച്ചാണ് ഇവരൊക്കെ നാട്ടിലേക്ക് തിരിക്കുന്നത്. ഒരാഴ്ചക്കാലം കണ്ണൂരിന്റെ മനസ് തൊട്ടാണു സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കുന്നത്. ജില്ലയുടെ പുറത്തു നിന്നെത്തിയവര്‍ക്ക് അനുഭവങ്ങളുടെ പാഥേയം സമ്മാനിച്ചു കണ്ണൂര്‍.
സ്‌നേഹ സ്വീകരണ വാത്സല്യങ്ങള്‍ക്കൊപ്പം പേരുദോഷം മാറാത്ത രാഷ്ട്രീയ വൈര്യത്തിന്റെ ഭീതിദ മുഖവും കണ്ണൂര്‍ കാട്ടിക്കൊടുത്തു. പക്ഷേ കലയുടെ വസന്തത്തിന്റെ നിറംകെടുത്താന്‍ അത്തരം സംഭവങ്ങള്‍ക്കു കഴിഞ്ഞില്ല. പഴയിടത്തിന്റെ സ്ഥിരം ചേരുവകള്‍ക്കിടയില്‍ കണ്ണൂരിന്റെ തനത് രുചി ആസ്വദിച്ചാണു അതിഥികള്‍ മടങ്ങുന്നത്. കേരളത്തിന്റെ കലാസപര്യകളെല്ലാം കണ്ണൂരില്‍ സംഗമിച്ചതിനൊപ്പം ആതിഥേയത്വത്തിന്റെ അഭിമാന നിമിഷങ്ങളിലായിരുന്നു ജില്ല.
പൊലിസ് മൈതാനിയിലെ പ്രധാന വേദിയടക്കം 21 വേദികളിലാണു കഴിഞ്ഞ ആറുദിനങ്ങളില്‍ മത്സരങ്ങള്‍ നിരഞ്ഞാടിയത്. വേദികള്‍ക്കു പുറമെ ഭക്ഷണശാലയിലും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനായതു സംഘാടകരുടെ വിജയമാണ്. നാളെ വൈകുന്നേരം നാലിന് പ്രധാന വേദിയായ നിളയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.
Comments are closed for this post.