2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിജയ് മല്യയെ രാജ്യത്തെത്തിക്കാനുള്ള പ്രക്രിയ ഇനിയും നീളും

ന്യൂഡല്‍ഹി: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ രാജ്യത്തെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഇനിയും നീണ്ടേക്കും. ഇന്ത്യയുടെയും ബ്രിട്ടന്റെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ എത്രത്തോളം സഹകരിച്ചുമുന്നോട്ടു പോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിനടപടികള്‍. വിദേശകാര്യ മന്ത്രാലയവുമായി സൂക്ഷ്മമായി സഹകരിച്ചുകൊണ്ടു മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് സി.ബി.ഐ വൃത്തം അറിയിച്ചു.
നേരത്തെ, സാമ്പത്തിക തട്ടിപ്പുകാരായ ഇന്ത്യക്കാരെ രാജ്യത്തിന് കൈമാറാന്‍ ബ്രിട്ടന്‍ കൂട്ടാക്കിയിരുന്നില്ല. സാമ്പത്തിക-നികുതി തട്ടിപ്പുകേസുകളെ തുടര്‍ന്ന് 2012ല്‍ രാജ്യംവിട്ട മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദിയെ രാജ്യത്തെത്തിക്കാന്‍ ബ്രിട്ടന്‍ ഇന്ത്യയുമായി സഹകരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ഇന്ത്യയുടെ ബ്രിട്ടന്‍ ഹൈക്കമ്മിഷണര്‍ ബ്രിട്ടന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 61കാരനായ മല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പിടികൂടിയത്. മല്യക്ക് ലണ്ടന്‍ കോടതി ജാമ്യമനുവദിച്ചത് നിയമപരമായ മര്യാദകളുടെ ഭാഗം മാത്രമാണെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഉടന്‍ രാജ്യത്തെത്തിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വന്‍ കടബാധ്യതയെ തുടര്‍ന്ന് രാജ്യംവിട്ട മല്യയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ അറസ്റ്റ് വന്‍ ചുവടുവയ്പ്പാണെങ്കിലും മുന്നോട്ടുള്ള നടപടികള്‍ ഇനിയും നീളുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലണ്ടനിലെ മേല്‍ക്കോടതിയിലും കീഴ്‌ക്കോടതികളിലും ഇന്ത്യയുടെ ശ്രമത്തിനെതിരേ മല്യക്ക് അപ്പീല്‍ നല്‍കാനാകും. ബ്രിട്ടനില്‍ സ്ഥിരവാസക്കാരനായ മല്യക്ക് അവിടെ അനന്തമായി കഴിയാനുള്ള അവകാശവുമുണ്ട്. സ്വന്തമായി വീടുള്ളതിനു പുറമെ വന്‍ ബംഗ്ലാവും അദ്ദേഹത്തിന് ലണ്ടനിലുണ്ട്. ഇതെല്ലാം ഇന്ത്യയുടെ നീക്കത്തിനു മുന്‍പില്‍ പ്രതിബന്ധങ്ങളാകുമെന്നാണു കരുതപ്പെടുന്നത്.
മല്യ ഇന്ത്യന്‍ ബാങ്കുകള്‍ക്കു തിരിച്ചടക്കാനുള്ള കോടികളുടെ കടത്തില്‍ 900 കോടി രൂപ മരവിപ്പിച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സ്വത്തുക്കളില്‍നിന്ന് 2009ല്‍ ഐ.ഡി.ബി.ഐ ബാങ്ക് കണ്ടുകെട്ടിയിരുന്നു. രാജ്യസഭാ അംഗമായിരിക്കെയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിജയ് മല്യ രാജ്യംവിട്ടത്. 2016 ഏപ്രിലില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും തുടര്‍ന്ന് രാജ്യസഭാ അംഗത്വം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

 

 

 

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.