2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിചിത്രമായിരിക്കുന്നൂ.., ഈ മൗനം

എ സജീവന്‍

ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്ന, സമീപഭാവിയില്‍ സന്യാസം സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന സുഹൃത്തിനോട് കഴിഞ്ഞദിവസം ചോദിച്ചു, ”എന്തുകൊണ്ടാണ് താങ്കളുള്‍പ്പെടെയുള്ള ആധ്യാത്മികപ്രവര്‍ത്തകര്‍ പേജാവര്‍ മഠാധിപതിക്കു പിന്തുണപ്രഖ്യാപിച്ചു രംഗത്തുവരാത്തത്.”
ആ ചോദ്യത്തിന് അദ്ദേഹത്തിനു വ്യക്തമായ ന്യായീകരണമൊന്നുമില്ലായിരുന്നു.

‘അതിപ്പോള്‍.., അറിയപ്പെടുന്ന ആത്മീയാചാര്യന്മാരോ സംഘടനകളോ ആണല്ലോ പ്രതികരിക്കേണ്ടത്. എന്നെപ്പോലുള്ള സാധാരണവ്യക്തികള്‍ പ്രതികരിച്ചതുകൊണ്ട് എന്തുകാര്യം.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അദ്ദേഹത്തെപ്പോലുള്ളവരില്‍നിന്നു പ്രതീക്ഷിച്ചതു പത്രപ്രസ്താവനകളോ തെരുവിലെ അനുഭാവപ്രകടനങ്ങളോ ആയിരുന്നില്ല, സ്വകാര്യസംഭാഷണത്തിലെ നിലപാടു വ്യക്തമാക്കലായിരുന്നു. പേജാവര്‍ മഠാധിപതിക്കും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിനും നേരെ ഭീതിതമായ ഭീഷണിയുണ്ടായിട്ടും വ്യക്തിപരമായ പ്രതികരണംപോലും ആരില്‍നിന്നും ഉണ്ടാകാത്തതിനെക്കുറിച്ചായിരുന്നു എന്റെ ചോദ്യം.
വ്യക്തികള്‍ക്കു പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ട് എന്ന അദ്ദേഹത്തിന്റെ ന്യായീകരണം സമ്മതിക്കുന്നു. അതേസമയം, അദ്ദേഹം പരാമര്‍ശിച്ച ആത്മീയാചാര്യന്മാരും ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളും കാണിച്ചതു കുറ്റകരമായ മൗനമല്ലേ.

പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥയെ അദ്ദേഹത്തിന്റെ ആസ്ഥാനത്തെത്തി ഭീഷണിപ്പെടുത്തുകയാണ് സാമുദായികപ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ കുപ്രസിദ്ധമായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുതലിക് ചെയ്തത്.
എന്തിന്.

ആ കാരണമാണ് അത്ഭുതകരം.
ഇക്കഴിഞ്ഞ റമദാന്‍ കാലത്ത് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തില്‍ പേജാവര്‍ മഠാധിപതി ഇഫ്താര്‍ പരിപാടി സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹിന്ദുക്ഷേത്രങ്ങളിലൊന്നില്‍, ഇന്ത്യയിലെ ആത്മീയാചാര്യന്മാരില്‍ മുന്‍നിരക്കാരനായ പേജാവര്‍ മഠാധിപതി, മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ആ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട മുസ്‌ലിംസഹോദരങ്ങളെല്ലാം എത്തിച്ചേര്‍ന്നിരുന്നു.

വ്രതാനുഷ്ഠാനക്കാര്‍ക്കു കൃത്യസമയത്തു നോമ്പുതുറക്കുന്നതിനും അതു കഴിഞ്ഞ് ആചാരപ്രകാരമുള്ള പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും ക്ഷേത്രത്തിന്റെ ഊട്ടുപുര ഹാളില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വളരെ സൗഹൃദപരമായി, സന്തോഷപ്രദമായി ആ ഇഫ്താര്‍ പരിപാടി നടന്നു.

ഈയൊരു ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ പേജാവര്‍ മഠാധിപതിയെ അഭിനന്ദനംകൊണ്ട് പൊതിയുകയല്ലേ വേണ്ടിയിരുന്നത്. രാജ്യത്തെങ്ങും സാമുദായികസ്പര്‍ദ്ധ കരാളനൃത്തമാടുന്ന ഇക്കാലത്ത് കറകളഞ്ഞ സ്‌നേഹത്താല്‍ മനുഷ്യമനസ്സുകളെ കൂട്ടിയോജിപ്പിക്കുന്ന ഇത്തരം പ്രവൃത്തികളെ നിറഞ്ഞമനസ്സോടെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്. അത്തരം, മാതൃക പിന്‍പറ്റി നാടുനീളെ അതു നടപ്പാക്കുകയായിരുന്നില്ലേ ഉചിതമായ നടപടി.

രാജ്യതലസ്ഥാനത്തു ഉന്നതരാഷ്ട്രീയനേതാക്കള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് പുതുമയല്ല. വര്‍ഷങ്ങളായി അത്തരം പരിപാടികള്‍ നടക്കാറുണ്ട്. അവ ഔപചാരികചടങ്ങുകള്‍ മാത്രമാണ്. സ്ഥിരം രാഷ്ട്രീയമുഖങ്ങളും മാധ്യമപ്രവര്‍ത്തകരും മാത്രം പങ്കെടുക്കുന്ന പരിപാടി.

അതുപോലെയല്ല, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രംപോലുള്ള പ്രശസ്തമായ ഹിന്ദുദേവാലയത്തില്‍ പേജാവര്‍ മഠാധിപതിയെപ്പോലൊരു ആത്മീയാചാര്യന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇഫ്താര്‍ ചടങ്ങ്. ചിലരുടെ ഗൂഢശ്രമത്തിന്റെ ഫലമായി രാജ്യത്തെങ്ങും സാമുദായികവിരോധവും അതിനെത്തുടര്‍ന്നുള്ള അക്രമവും അരുംകൊലകളും ഭീതിതമാംവണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, അത്തരം കുടിലതകള്‍ ഇല്ലായ്മചെയ്യാന്‍ ഇത്തരം ചടങ്ങുകള്‍ക്കു കഴിയുമെന്നതില്‍ സംശയമില്ല.

സത്യത്തില്‍, സ്വാമി വിശ്വേശ്വരതീര്‍ത്ഥ തെളിയിച്ചുതന്ന നന്മയുടെ മാര്‍ഗം രാജ്യത്തെ എല്ലാ ഹൈന്ദവ, ക്രൈസ്തവ, സിക്ക് ആരാധനാലയങ്ങളിലും അനുവര്‍ത്തിക്കാന്‍ തയാറാവുകയായിരുന്നു വേണ്ടിയിരുന്നത്. അതേപോലെ, അമുസ്‌ലിം ആഘോഷങ്ങളില്‍ ഇതേ മാര്‍ഗം മുസ്‌ലിം ജനതയും സ്വീകരിച്ചാല്‍ രാജ്യത്തു സാമുദായികവിരോധത്തിന്റെ പേരില്‍ ചോരച്ചാലുകള്‍ ഒഴുകുന്നത് ഇല്ലാതാക്കാനാകുമായിരുന്നു.

അപ്പോള്‍ ഇത്തരമൊരു സദുദ്യമത്തിനു തുടക്കമിട്ട സ്വാമി വിശ്വേശ്വരതീര്‍ത്ഥയെ പ്രകീര്‍ത്തിക്കുകയാണു വേണ്ടത്. എന്നാല്‍, പ്രമോദ് മുതലിക്കിന്റെ നേതൃത്വത്തില്‍ തീവ്രവാദികള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. രണ്ട് ആരോപണങ്ങളാണ് അവര്‍ സ്വാമിക്കെതിരേ ഉന്നയിച്ചത്. പശുവിറച്ചി കഴിക്കുന്നവര്‍ക്കു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം നല്‍കി, അന്യസമുദായക്കാരുടെ പ്രാര്‍ഥനയ്ക്കു ക്ഷേത്രത്തിനുള്ളില്‍ സൗകര്യമൊരുക്കി.

തീര്‍ച്ചയായും മതഭ്രാന്തന്മാരെ ഇളക്കിവിടാന്‍ പര്യാപ്തമായ ആരോപണങ്ങളാണ് ഇത്. നിലവിലെ മതസ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉതകുമെന്നതില്‍ സംശയമില്ല. അതിനായി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് പ്രമോദ് മുതാലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമസേനക്കാര്‍.

ഇവരുടെ ആരോപണങ്ങള്‍ക്കു പേജാവര്‍ മഠാധിപതി വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കുന്നതിനായി ഇഫ്താറും മതസൗഹാര്‍ദയോഗവും വിളിച്ചുചേര്‍ത്തതില്‍ ഒരു തെറ്റുമില്ലെന്നാണ് സ്വാമിയുടെ നിലപാട്. അതു സമൂഹത്തില്‍ നന്മയേ ഉണ്ടാക്കൂ. മതവിരോധം വളര്‍ത്തുകയല്ല, മതസൗഹാര്‍ദം വളര്‍ത്തുകയാണ് പേജാവര്‍ മഠത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാര്യം കൂടി അദ്ദേഹം പറഞ്ഞു, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനു മുസ്‌ലിംകളില്‍നിന്നു ധാരാളം സഹായസഹകരണങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. തീവ്രവാദികള്‍ ആരോപിക്കുന്നപോലെ ക്ഷേത്രത്തിനുള്ളിലല്ല, ക്ഷേത്രത്തിലെ ഊട്ടുപുരയിലാണു ഇഫ്താറും നിസ്‌കാരവും നടന്നതെന്നും താന്‍ ചെയ്ത നടപടിയില്‍ ഒട്ടും കുണ്ഠിതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ കാലത്ത്, ഒരു ആത്മീയാചാര്യനില്‍ നിന്നു കേള്‍ക്കാന്‍ നാം കൊതിക്കുന്ന ധീരമായ വാക്കുകള്‍.

ഇത്രയും കേട്ടാല്‍ സ്വന്തം തെറ്റു മനസ്സിലാക്കി പിന്മാറുകയാണു ചെയ്യേണ്ടത്. എന്നാല്‍, ശ്രീരാമസേനക്കാര്‍ കൂടുതല്‍ പ്രകോപിതരാകുകയാണു ചെയ്തത്. പേജാവര്‍ മഠാധിപതിക്കെതിരേ കൂടുതല്‍ സംഘടനകളുടെ പിന്തുണയോടെ ശക്തമായ നീക്കം നടത്താന്‍ ഉറച്ചിരിക്കുകയാണവര്‍. ഉന്നതനായ ഒരു ആത്മീയാചാര്യനെപ്പോലും ഭീഷണിയുടെ സ്വരമുയര്‍ത്തി നിശബ്ദനാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമം.

അവരില്‍നിന്ന് അതേ പ്രതീക്ഷിക്കാവൂ. എന്നാല്‍, സര്‍വലോകമാനവസ്‌നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ആത്മീയനേതാക്കള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും സ്വാമി വിശ്വേശ്വരതീര്‍ത്ഥയുടെ നിലപാടിനു പിന്തുണ നല്‍കാനുള്ള കടമയില്ലേ, അതുണ്ടായില്ല എന്നതാണു ഖേദകരമായ കാര്യം.

മുതലിക്കിന്റെ ഭീഷണിയുയര്‍ന്നിട്ടു ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും, ആരും പരസ്യപ്രസ്താവനയുമായി രംഗത്തുവന്നില്ല!
കഷ്ടം.

സമസ്ത ലോകത്തിനും സൗഖ്യമുണ്ടാകട്ടെ എന്ന് ആശീര്‍വദിക്കാന്‍ എളുപ്പമാണ്.
എന്നാല്‍, അതു ഹൃദയത്തില്‍തട്ടിയാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.